ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് ഗതാഗത സമിതി നാളെ യോഗം ചേരും.
രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഏവരും തേടിയ കാരണത്തിന് ഉത്തരമായത്. ബ്ലാക്ക് ബോക്‌സില്‍ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ രണ്ട് പേജ് റിപ്പോര്‍ട്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ്, യുകെ ഏജന്‍സി അടക്കമുള്ളവര്‍ അന്വേഷണത്തിന്റെ ഭാഗമായിരുന്നു.
കെ സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പിഎസി യോഗത്തിലും എയര്‍ ഇന്ത്യ അപകടം ചര്‍ച്ചയായി. നാളെ സഞ്ജയ് ഝാ എംപിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്റ് ഗതാഗത കമ്മിറ്റി യോഗം ചേരുന്നുണ്ട്. വേ്യാമയാന സെക്രട്ടറി, ഡിജിസിഎ ഡിജി , വ്യോമസേന പ്രതിനിധി എന്നിവരെ കൂടാതെ എയര്‍ ഇന്ത്യ സിഇഒ, ബോയിംഗ് കമ്പനി പ്രതിനിധികളെയും യോഗത്തില്‍ സമിതി വിളിപ്പിച്ചിട്ടുണ്ട്. വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് നിര്‍ണായക യോഗം. അഹമ്മദാബാദ് അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയില്‍ യോഗം വിശദീകരണം തേടും.
അഹമ്മദാബാദ് വിമാനപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു
