നെതന്യാഹു ന്യൂയോര്‍ക്ക് സിറ്റിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മംദാനി; താക്കീത് നല്‍കി ട്രംപ്; മണ്ടത്തരമെന്ന് നെതന്യാഹു

നെതന്യാഹു ന്യൂയോര്‍ക്ക് സിറ്റിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മംദാനി; താക്കീത് നല്‍കി ട്രംപ്; മണ്ടത്തരമെന്ന് നെതന്യാഹു


വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് സിറ്റിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉയര്‍ത്തിയ നഗരത്തിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിക്ക് പരസ്യമായ താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനാണ് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി കൂടിയായ സൊഹ്‌റാന്‍ മംദാനി. 'നവംബറില്‍ ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ മംദാനി വിജയിച്ചേക്കാം, അങ്ങനെയെങ്കില്‍ വൈറ്റ് ഹൗസില്‍ നിന്ന് ഫണ്ട് ലഭിക്കാന്‍ അദ്ദേഹം നല്ല രീതിയില്‍ പെരുമാറേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു.

'മംദാനി ഒരു സോഷ്യലിസ്റ്റല്ല, ഒരു കമ്മ്യൂണിസ്റ്റാണ്. ജൂത ജനതയെക്കുറിച്ച് അദ്ദേഹം വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്,' തിങ്കളാഴ്ച നെതന്യാഹുവുമായുള്ള സ്വകാര്യ അത്താഴത്തിന് മുമ്പ് ട്രംപ് പറഞ്ഞു. ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളെ 33കാരനായ സൊഹ്‌റാന്‍ മംദാനി തീവ്രമായി വിമര്‍ശിച്ചതിന് മറുപടി നല്‍കുകയായിരുന്നു യുഎസ് പ്രസിഡന്റ്.

'മംദാനി ഇപ്പോള്‍ ഒരു ചെറിയ ഹണിമൂണിലൂടെയാണ് കടന്നുപോകുന്നത്, തെരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ വിജയിച്ചേക്കാം. പക്ഷേ ഇതെല്ലാം വൈറ്റ് ഹൗസിലൂടെയാണ് വരുന്നത്. അദ്ദേഹത്തിന് വൈറ്റ് ഹൗസിലൂടെ പണം ആവശ്യമാണ്. അതിനാദ്യം അയാള്‍ നന്നായി പെരുമാറണം. അല്ലെങ്കില്‍ അദ്ദേഹത്തിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും,' ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) വാറണ്ട് പുറപ്പെടുവിച്ചതായി ചൂണ്ടിക്കാട്ടി, ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിച്ചാല്‍ ഇസ്രയേല്‍ നേതാവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി അടുത്തിടെ നടത്തിയ പ്രസ്താവനയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിമര്‍ശനത്തിന് കാരണമായത്.

മംദാനിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അതിനെക്കുറിച്ച് തനിക്ക് ആശങ്കയൊന്നുമില്ല' എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ലോകത്ത് ധാരാളം ഭ്രാന്തുകളുണ്ട്. അത് ഒരിക്കലും അവസാനിക്കില്ലെന്ന് ഞാന്‍ കരുതുന്നു. ഇത് അത്തരത്തിലൊരു മണ്ടത്തരമാണ്. അത്ര ഗൗരവമുള്ളതല്ല,' നെതന്യാഹു കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ ട്രംപിനൊപ്പം സന്ദര്‍ശനം നടത്തുമെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.