ട്രംപ്‌നെതന്യാഹു കൂടിക്കാഴ്ച: ഗാസയിലെ വെടി നിര്‍ത്തലും ഇറാന്‍ സംഘര്‍ഷവും പ്രധാന ചര്‍ച്ചയായി

ട്രംപ്‌നെതന്യാഹു കൂടിക്കാഴ്ച: ഗാസയിലെ വെടി നിര്‍ത്തലും ഇറാന്‍ സംഘര്‍ഷവും പ്രധാന ചര്‍ച്ചയായി


വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വൈറ്റ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറും, ഇറാനുമായുള്ള സംഘര്‍ഷവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. 

ഇന്ത്യപാക് സംഘര്‍ഷം ഉള്‍പ്പെടെ നിരവധി യുദ്ധസമാനമായ സാഹചര്യമാണ് തന്റെ ഇടപെടലിലൂടെ ഒഴിവായതെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. ഗാസയില്‍ യുഎസ് മുന്നോട്ടു വെച്ച 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് വൈറ്റ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നത്. വൈറ്റ് ഹൗസിലെ അത്താഴവിരുന്നില്‍ ട്രംപിനൊപ്പം നെതന്യാഹുവും പങ്കെടുത്തു.

ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തുന്ന ട്രംപിനെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നെതന്യാഹു നാമനിര്‍ദേശം ചെയ്തു. കൂടിക്കാഴ്ചക്കിടെ ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ട്രംപിന്റെ പരിശ്രമത്തെ നെതന്യാഹു അഭിനന്ദിച്ചു. ട്രംപിനെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് നോബേല്‍ കമ്മിറ്റിക്ക് അയച്ച കത്ത് നെതന്യാഹു ട്രംപിന് കൈമാറി.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയില്‍ നല്ലത് സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു. ഗാസയിലെ പലസ്തീനികളെ ഏറ്റെടുക്കാനായി രാജ്യങ്ങളെ കണ്ടെത്തുമെന്നും, പലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഭാവി ഉണ്ടാകുമെന്നും നെതന്യാഹുവും പറഞ്ഞു. ഗാസയെ തടവറയാക്കില്ല. തുടരേണ്ടവര്‍ക്ക് തുടരാം, ഒഴിയേണ്ടവര്‍ക്ക് ഗാസ വിട്ടുപോകാമെന്നും നെതന്യാഹു വ്യക്തമാക്കി.

പലസ്തീനികളുമായി ഇസ്രയേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍, സുരക്ഷയും ചില സുപ്രധാന അധികാരങ്ങളും ഇസ്രയേല്‍ നിലനിര്‍ത്തും. അല്ലെങ്കില്‍ അത് ആത്മഹത്യാപരമാകുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കാത്ത പലസ്തീന്‍ അയല്‍ക്കാരുമായി സമാധാനം പുനസ്ഥാപിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഇതിനിടെ ആണവകരാറില്‍ ഇറാന്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായി ട്രംപ് പറഞ്ഞു. ഇറാന്‍ ആണവ പദ്ധതി പുനരാരംഭിക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ആക്രമണങ്ങളില്‍ യുഎസിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി ഇസ്രയേലും വ്യക്തമാക്കി. ആണവ ഭീഷണി നേരിടുന്നതില്‍ അസാധാരണമായ ടീം വര്‍ക്കാണ് ഇസ്രയേലും യുഎസും തമ്മിലുണ്ടായതെന്ന് നെതന്യാഹു പറഞ്ഞു. ഒരുമിച്ച് നിന്നതിലൂടെ വന്‍ വിജയമാണ് നേടിയത്, ഭാവിയിലും ഈ കൂട്ടായ്മ വലിയ വിജയമായി മാറുമെന്ന് ട്രംപ് പ്രതികരിച്ചു.

ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന ഇസ്രയേല്‍ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനായി വിറ്റ്‌കോഫ് ചൊവ്വാഴ്ച ദോഹയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെടിനിര്‍ത്തലില്‍ ഒരാഴ്ചക്കുള്ളില്‍ ഇസ്രയേലും ഹമാസും ധാരണയിലെത്തണമെന്നാണ് യുഎസിന്റെ ആവശ്യം. ഗാസയിലെ യുദ്ധം അവസാനിപ്പിച്ചാല്‍ സിറിയയുമായുള്ള പ്രശ്‌ന പരിഹാരത്തിനും മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് അറിയിച്ചു. ദമാസ്‌കസിലെ പുതിയ സര്‍ക്കാരുമായി സഹകരണത്തിന് തയ്യാറായതില്‍ ട്രംപിനെ നെതന്യാഹു അഭിനന്ദിച്ചു.