ഗാസ : വടക്കൻ ഗാസയിൽ ബോംബ് സ്‌ഫോടനത്തിൽ അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണങ്ങൾ. മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞു. സ്റ്റാവ് സർജന്റ് ഷിമോൻ അമാർ, മോശെ നിഷിം ഫ്രഞ്ച്, ബഞ്ചമിൻ അസുലിൻ, നോം അഷറോൺ മുസ്ഗാദിൻ എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ചാമന്റെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
തിങ്കളാഴ്ച രാത്രി പത്തി മണിയോടെ റോഡകരിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നിലഗുരുതരമാണെന്നും പ്രതിരോധസേന അറിയിച്ചു.
ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിൽ കഴിഞ്ഞ ദിവസം ചർച്ച തുടങ്ങിയിരുന്നു. ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശത്തിലാണ് ചർച്ച. ഇക്കാലയളവിൽ യുദ്ധവിരാമം സംബന്ധിച്ച് ചർച്ച നടത്തും.
ഇതിനോട് അനുകൂലമായി പ്രതികരിച്ച ഹമാസ്, യുദ്ധവിരാമത്തെക്കുറിച്ചും ഇസ്രായേൽ സൈനികർ ഗാസ വിടുന്നത് സംബന്ധിച്ചും ഉറപ്പുലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഗാസയിൽ ഭക്ഷണ വിതരണം യു.എൻ ഏജൻസിക്ക് കീഴിലാക്കണമെന്നും ഇസ്രായേൽ സൈനിക സാന്നിധ്യം കരാറിൽ അംഗീകരിച്ച ഭാഗങ്ങളിൽ മാത്രമാകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ചക്ക് വാഷിംഗ്ടണിലെത്തി. സന്ദർശനത്തിനിടെ പ്രസിഡന്റ് ട്രംപിനെ സമാധാന നൊബേലിന് ഇസ്രായേൽ ശിപാർശ ചെയ്തതായി നെതന്യാഹു അറിയിച്ചിരുന്നു.
വടക്കൻ ഗാസയിൽ ബോംബ് സ്‌ഫോടനത്തിൽ അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു
