ടെക്‌സസിലെ മിന്നല്‍ പ്രളയം: ഫെഡറല്‍ വെട്ടിച്ചുരുക്കല്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റുകള്‍ ; കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി ട്രംപ്

ടെക്‌സസിലെ മിന്നല്‍ പ്രളയം: ഫെഡറല്‍ വെട്ടിച്ചുരുക്കല്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റുകള്‍ ; കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കി ട്രംപ്


വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം നോര്‍ത്ത് കരോലിനയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍, റിപ്പബ്ലിക്കന്‍ പ്രദേശങ്ങളിലെ താമസക്കാരെ സഹായിക്കുന്നതില്‍ ബൈഡന്‍ ഭരണകൂടം വിട്ടുനില്‍ക്കുകയാണെന്ന് പ്രത്യേകിച്ച് തെളിവുകളൊന്നുമില്ലാതെ ഡോണാള്‍ഡ് ജെ. ട്രംപ് ആരോപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്നപ്പോളും, ജല ഉപയോഗ നയത്തെക്കുറിച്ച് തെറ്റായ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട്, ദുരന്തത്തിന് കാരണക്കാര്‍ പ്രാദേശിക, സംസ്ഥാന ഡെമോക്രാറ്റുകളാണെന്ന സൂചന നല്‍കി ട്രംപ് പ്രകോപനം സൃഷ്ടിക്കുകയുണ്ടായി.

എന്നാല്‍ കഴിഞ്ഞയാഴ്ച ടെക്‌സസിനെ തകര്‍ത്ത് 100 പേരുടെ മരണത്തിനിടയാക്കിയ ഒരു മഹാപ്രളയത്തിന് ശേഷം, തന്റെ ഭരണകൂടത്തിനുനേരെ നീളുന്ന കുറ്റപ്പെടുത്തലുകളെയും ആരോപണങ്ങളെയും ട്രംപ് നിരുത്സാഹപ്പെടുത്തുകയും അവയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയുമാണ്. 'നൂറു വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന ദുരന്തമാണ് ടെക്‌സസിലേത് എന്നാണ് അദ്ദേഹം പറയുന്നത്. അത്ര ഭയാനകമാണെന്നും പ്രസിഡന്റ് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നാഷണല്‍ വെതര്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളെ ചുരുക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ പ്രേരണയാല്‍ ദുരന്തം കൂടുതല്‍ വഷളായതാണ് എന്ന ആരോപണ അദ്ദേഹം തള്ളി.

'എല്ലാം വളരെ ഭയാനകമായ സാഹചര്യം മൂലമാണെന്ന് ട്രംപ് പറഞ്ഞു. മാത്രമല്ല ബൈഡന്‍ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങളാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ച ട്രംപ് 
മോശം സംവിധാനത്തിന്റെ പേരില്‍ താന്‍ ബൈഡനെ കുറ്റപ്പെടുത്താന്‍ തയ്യാറല്ല എന്ന് പറഞ്ഞു.

തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി, വലിയ പ്രകൃതി ദുരന്തങ്ങളുടെ നിമിഷങ്ങളില്‍ പക്ഷപാതപരമായി പെരുമാറാന്‍ ട്രംപ് മടിച്ചിട്ടില്ല. തന്റെ ആദ്യ ഭരണകാലത്ത്, മരിയ ചുഴലിക്കാറ്റ് പ്യൂര്‍ട്ടോ റിക്കോയെ ബാധിച്ചതിനുശേഷം ദ്വീപിന്റെ നേതൃത്വം അഴിമതി നിറഞ്ഞതായതിനാല്‍ അവിടേക്ക് പണം അയയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം സഹായികളോട് പറഞ്ഞു. 2018 ല്‍, കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയ സംസ്ഥാനത്ത്  നിന്നുള്ള ഫെഡറല്‍ ഫണ്ടുകള്‍ തടഞ്ഞുവയ്ക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ടെക്‌സസിനെ തകര്‍ത്ത വെള്ളപ്പൊക്കത്തിന്റെ കാര്യത്തില്‍, ട്രംപിന്റെ വൈറ്റ് ഹൗസ് പ്രതിരോധത്തിലായിരുന്നു. ഫെഡറല്‍ ബ്യൂറോക്രസി കുറയ്ക്കാനുള്ള അതിന്റെ ശ്രമങ്ങള്‍, ദുരന്ത തയ്യാറെടുപ്പിനും പ്രതികരണത്തിനുമുള്ള വിഭവങ്ങളും ജീവനക്കാരും വെട്ടിക്കുറച്ചത് പ്രാദേശിക, സംസ്ഥാന എമര്‍ജന്‍സി സേവന ഉേദ്യാഗസ്ഥര്‍ക്കിടയില്‍ ആശങ്കകള്‍ക്ക് കാരണമായി.

വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ദേശീയ കാലാവസ്ഥ സേവനത്തിന്റെ പ്രാദേശിക ഓഫീസുകളിലെ പ്രധാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെട്ടില്ലെന്ന് വ്യക്തമായി.

'പ്രധാന പ്രാദേശിക നാഷണല്‍ വെതര്‍ സര്‍വീസ് (NWS) സ്‌റ്റേഷനുകളിലെ ജീവനക്കാരുടെ കുറവ് മാരകമായ വെള്ളപ്പൊക്കത്തില്‍ ഉണ്ടായ ജീവഹാനിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടോ എന്നതിന്റെ വ്യാപ്തി, അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന്' ആവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റും ന്യൂനപക്ഷ നേതാവുമായ സെനറ്റര്‍ ചക്ക് ഷൂമര്‍ വാണിജ്യ വകുപ്പിന്റെ ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ ജനറലിന് ഒരു കത്ത് എഴുതി.

കണക്റ്റിക്കട്ടിലെ ഡെമോക്രാറ്റായ സെനറ്റര്‍ ക്രിസ്റ്റഫര്‍ എസ്. മര്‍ഫി, 'കൃത്യമായ കാലാവസ്ഥാ പ്രവചനം മാരകമായ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു' എന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതി.

 'കാലാവസ്ഥാ നിരീക്ഷകരെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ട്രംപിന്റെ ബുദ്ധിശൂന്യമായ ആക്രമണങ്ങളുടെ അനന്തരഫലങ്ങളാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അത്തരമൊരു ബന്ധത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ പത്രസമ്മേളനത്തില്‍ ശക്തമായി എതിര്‍ത്തു. നാഷണല്‍ വെതര്‍ സര്‍വീസിന് മതിയായ ജീവനക്കാരുണ്ടെന്നും 'സമയബന്ധിതവും കൃത്യവുമായ പ്രവചനങ്ങളും മുന്നറിയിപ്പുകളും' നടപ്പിലാക്കിയെന്നും അവര്‍ പറഞ്ഞു. സംഭവിച്ചതിനെ 'നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന ഒരു വെള്ളപ്പൊക്കം' എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

'ഡെമോക്രാറ്റുകള്‍ ഇതിനെ ഒരു രാഷ്ട്രീയ കളിയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പക്ഷേ അങ്ങനെയല്ല,' ശ്രീമതി ലീവിറ്റ് പറഞ്ഞു. 'ഇതൊരു ദേശീയ ദുരന്തമാണ്, ഭരണകൂടം ഇതിനെ അങ്ങനെയാണ് പരിഗണിക്കുന്നത്.'

'ഈ വെള്ളപ്പൊക്കത്തിന് പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ഒരു തെറ്റായ നുണയാണ്, ദേശീയ ദുഃഖാചരണത്തിന്റെ ഈ സമയത്ത് അത് അര്‍ത്ഥശൂന്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭരണകൂടത്തിന്റെ റിപ്പബ്ലിക്കന്‍ സഖ്യകക്ഷികള്‍ അതിനെ പ്രതിരോധിച്ചു.

ഉത്തരവാദപ്പെട്ടവര്‍ 'പക്ഷപാതപരമായ കളികളില്‍ ഏര്‍പ്പെടുകയും പ്രകൃതി ദുരന്തത്തിന് എതിരാളികളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ ടെക്‌സസിലെ സെനറ്റര്‍ ടെഡ് ക്രൂസ് അപലപിച്ചു. 'മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴും ദുഃഖിതരായ കുടുംബങ്ങളെ കൈകാര്യം ചെയ്യുമ്പോഴും കുറ്റപ്പെടുത്തലുകളും പഴിചാരലുകളും പൊതുവെ അരോചകമാണെന്ന് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ടെക്‌സസ് പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ചിപ്പ് റോയ്  തിങ്കളാഴ്ച പറഞ്ഞു. 

വെള്ളിയാഴ്ച ടെക്‌സസിലെ ദുരന്തമേഖലയില്‍ ട്രംപ് പര്യടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വൈറ്റ് ഹൗസ് ഉദേ്യാഗസ്ഥര്‍ പറഞ്ഞു.

ലോസ് ഏഞ്ചല്‍സ് തീപിടുത്തത്തിനിടെ നടത്തിയ വാചക കസര്‍ത്തില്‍ നിന്ന് വ്യത്യസ്തമായി, തന്റെ രണ്ടാം തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നല്‍കിയ റെഡ് സ്‌റ്റേറ്റിലെ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രസിഡന്റ് ട്രംപ് ഇതുവരെ എടുത്തിട്ടുള്ളത്. ദുരിതാശ്വാസ നടപടികള്‍ക്ക് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടുമായി ചേര്‍ന്ന് താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'വളരെ അടുത്ത ബന്ധമുള്ള ഗവര്‍ണര്‍ ആബട്ടുമായും ടെക്‌സസിലെ എല്ലാവരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് ഞായറാഴ്ച പറഞ്ഞു. 'നിങ്ങള്‍ക്കറിയാവുന്നതുപോലെ, ക്രിസ്റ്റി നോയം അവിടെ ഉണ്ടായിരുന്നു, അവിടെ തുടരുകയും ചെയ്യും, ടെക്‌സസില്‍ നിന്നുള്ള പ്രതിനിധികളുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു.'

എന്നാല്‍, കേന്ദ്ര പ്രതികരണത്തിന്റെ വ്യാപ്തി ഇതുവരെ വ്യക്തമല്ല.

പ്രകൃതി ദുരന്തങ്ങളോടുള്ള ഫെഡറല്‍ പ്രതികരണം ഏകോപിപ്പിക്കുന്ന ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയെ പിരിച്ചുവിടാനുള്ള തന്റെ ഉദ്ദേശ്യം ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഏജന്‍സി കാര്യക്ഷമമല്ലെന്നും കുഴപ്പമുള്ളതാണെന്നുമാണ് പിരിച്ചുവിടലിന് കാരണമായി അദ്ദേഹം പറഞ്ഞത്. ഏജന്‍സിക്ക് ഇതിനകം തന്നെ അതിന്റെ ഏറ്റവും പരിചയസമ്പന്നരായ ചില മുതിര്‍ന്ന നേതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. ഫെമയുടെ ആക്ടിംഗ് നേതാവായി സേവനമനുഷ്ഠിച്ചിരുന്ന കാമറൂണ്‍ ഹാമില്‍ട്ടണെ മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ ചുമതലയില്‍ നിന്ന് പുറത്താക്കിയിരുന്നു.

തിങ്കളാഴ്ച, ഏജന്‍സിയെ ഇല്ലാതാക്കാനുള്ള തന്റെ പദ്ധതി പ്രസിഡന്റ് പുനഃപരിശോധിക്കുകയാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ലീവിറ്റിനോട് ചോദിച്ചപ്പോള്‍, അത് 'ഇപ്പോഴും തുടരുന്ന ഒരു നയപരമായ ചര്‍ച്ച' മാത്രമാണെന്നായിരുന്നു മറുപടി.

അതിനിടയില്‍ ടെക്‌സാസില്‍ ഏജന്‍സി 'സജീവമാക്കി' എന്ന് ഫെമയുടെ മേല്‍നോട്ടം വഹിക്കുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ എത്ര പേരെ വിന്യസിച്ചു, എന്തെല്ലാം വിഭവങ്ങള്‍ ഒരുക്കി എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയില്ല.

ലീവിറ്റിന്റെ ബ്രീഫിംഗിന് തൊട്ടുമുമ്പ്, ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉന്നത ഉേദ്യാഗസ്ഥനായ ടോം ഹോമാന്‍ വൈറ്റ് ഹൗസിന്റെ ഡ്രൈവ്‌വേയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ഭരണകൂടം ദുരന്തം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് പ്രശംസിക്കുകയും ചെയ്തു.

 ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ നിങ്ങള്‍ കാണുമായിരുന്നതിനേക്കാള്‍ വളരെ മികച്ചതും വേഗതയേറിയതും ഉചിതവുമായ രീതിയിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങളെ നേരിടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.