റിയോ ഡി ജനിറോ: ബ്രിക്‌സ് കൂട്ടായ്മയുടെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് അധികമായി 10 ശതമാനം തീരുവ ഈടാക്കുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ. ലോകം മാറിയിരിക്കുന്നുവെന്നും നമുക്ക് ഇനി ചക്രവര്‍ത്തിമാരെ ആവശ്യമില്ലെന്നും ട്രംപിന്റെ ഭീഷണിയോട് സില്‍വ പ്രതികരിച്ചു.
ആഗോള സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പുതിയ വഴികള്‍ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടനയാണ് ബ്രിക്‌സ് എന്ന് സില്‍വ പറഞ്ഞു. അതുകൊണ്ടാണ് ബ്രിക്‌സ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുക്കിയ തീരുവ പ്രകാരം ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 25 ശതമാനം, മ്യാന്‍മര്‍, ലാവോസ് എന്നീരാജ്യങ്ങള്‍ക്ക് 40 ശതമാനം, ദക്ഷിണ ആഫ്രിക്ക, ബോസ്‌നിയ ഹെര്‍സഗോവിന എന്നീരാജ്യങ്ങള്‍ക്ക് 30 ശതമാനം, കസാക്കിസ്താന്‍, മലേഷ്യ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്ക് 32 ശതമാനം, ബംഗ്ലാദേശ്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ക്ക് 35 ശതമാനം, കംബോഡിയ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് 36 ശതമാനം എന്നിങ്ങനെ തീരുവ ബാധകമാവും. ട്രൂത്ത് സോഷ്യലില്‍ പങ്ക് വച്ച പോസ്റ്റിലാണ് പുതുക്കിയ തീരുവകള്‍ ട്രംപ് അറിയിച്ചത്.
എന്നാല്‍ എല്ലാ രാജ്യങ്ങള്‍ക്കും ചുമത്താന്‍ തീരുമാനിച്ച 10 ശതമാനം അടിസ്ഥാന നികുതി നടപ്പിലാക്കാന്‍ യു എസ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.