കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം എന്തായാലും 370-ാം അുച്ഛേദം തിരിച്ചുവരില്ലെന്ന് അമിത് ഷാ

കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം എന്തായാലും 370-ാം അുച്ഛേദം തിരിച്ചുവരില്ലെന്ന് അമിത് ഷാ


ജമ്മു: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്തായാലും 370-ാം അനുച്ഛേദം തിരിച്ചുവരില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രത്യേക പദവി ചരിത്രമായെന്നും ആരു വിചാരിച്ചാലും അതു തിരികെക്കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

370-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കുകയാണു ലക്ഷ്യമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ പ്രതിപക്ഷം ആവര്‍ത്തിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രഖ്യാപനം.

370-ാം അനുച്ഛേദം കശ്മീരിനെ ഭീകരരുടെ വിളനിലമാക്കുക മാത്രമാണു ചെയ്തതെന്നും ഇനി ഭീകരതയ്ക്ക് ഇടമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കിയ അമിത് ഷാ പറഞ്ഞു. കശ്മീരിലെ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, പണ്ഡിറ്റുകളുടെയും സിഖുകാരുടെയും പുനരധിവാസം തുടങ്ങിയവ ഉറപ്പുനല്‍കുന്നതാണു ബി ജെ പി പ്രകടന പത്രിക.

ശങ്കരാചാര്യ ക്ഷേത്രമടക്കം സംസ്ഥാനത്ത് തകര്‍ക്കപ്പെട്ട നൂറിലേറെ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നു പ്രകടനപത്രികയില്‍ പറയുന്നു. പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെയും സിഖുകാരുടെയും ഭൂമിയും വീടുമടക്കം കൈയേറ്റക്കാരില്‍ നിന്നു തിരിച്ചുപിടിച്ച് നല്‍കും. അങ്ങനെ നല്‍കാനാവാത്തവര്‍ക്ക് തുല്യമായ നഷ്ടപരിഹാരം നല്‍കും. 6000 പേരുടെ പുനരധിവാസം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.  തെരഞ്ഞെടുപ്പു ഫലം എന്തായാലും ഗുജ്ജര്‍, ബക്കര്‍വാല്‍, പഹാഡി സമുദായങ്ങളുടെ സംവരണത്തില്‍ തൊടാന്‍ അനുവദിക്കില്ലെന്ന് ഒമര്‍ അബ്ദുള്ളയോടു വ്യക്തമാക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.