ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വനിതാ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയ സംഭവം വിവാദമായതിനു പിന്നാലെ തിരുത്തല്‍ നടപടിയുമായി താലിബാന്‍. വനിതാ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു വീണ്ടും അഫ്ഗാന്‍ എംബസി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു.
സാങ്കേതിക പ്രശ്നം മൂലമാണ് തന്റെ കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താനാവാത്തതെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
പെട്ടെന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പത്രസമ്മേളനം വിളിച്ചതെന്നും അതുകൊണ്ടാണ് പ്രത്യേക പട്ടികയിലേക്ക് ക്ഷണം അയക്കാന്‍ തീരുമാനിച്ചതെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും രണ്ട് ദിവസത്തിന് ശേഷം രണ്ടാമത്തെ പത്രസമ്മേളനം നടത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ മന്ത്രി പറഞ്ഞു.
2.8 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും തങ്ങള്‍ക്ക് 10 ദശലക്ഷം വിദ്യാര്‍ഥികളുണ്ടെന്നും മദ്രസകളില്‍ ബിരുദം വരെ വിദ്യാഭ്യാസം തുടരുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം ചില പരിധികള്‍ നിലവിലുണ്ടെന്നും എന്നാല്‍ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസം മതപരമായി നിഷിദ്ധമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായാണ് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമാന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വെള്ളിയാഴ്ചയായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ചത്. ഇതിലേക്കാണ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം വിലക്കിയത്. എന്നാല്‍ ഇതില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. മുംബൈയിലെ അഫ്ഗാന്‍ കോണ്‍സുലര്‍ ജനറലാണ് വാര്‍ത്താ സമ്മേളനത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇത് വഴിവെച്ചു. സ്ത്രീകളോട് ഇത്രയധികം അവഹേളനം കാണിക്കുന്ന താലിബാനെയാണ് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണത്തോടെ സ്വീകരിച്ച് ആനയിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നിരുന്നു.
അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ഇന്ത്യന്‍ ജനാധിപത്യത്തിനെതിരായ നടപടിയുമാണിത്, പ്രതിഷേധ സൂചനകമായി പുരുഷ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌ക്കരിക്കണമായിരുന്നു, സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള അഫിഗാസ്ഥാന്റെ പെരുമാറ്റം ഇന്ത്യയില്‍ വേണ്ട തുടങ്ങിയ പ്രതിഷേധങ്ങളാണ് പുറത്തുവന്നത്.
വനിതാ മാധ്യമ പ്രവര്‍ത്തകരുടെ അഭാവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. പൊതുവേദിയില്‍ നിന്ന് വനിതാ മാധ്യമ പ്രവര്‍ത്തകരെ 'ഒഴിവാക്കാന്‍' അനുവദിക്കുന്നതിലൂടെ ഇന്ത്യയിലെ എല്ലാ സ്ത്രീകളോടും 'അവര്‍ക്കുവേണ്ടി നിലകൊള്ളാന്‍ താന്‍ വളരെ ദുര്‍ബലനാണെന്ന്' പ്രധാനമന്ത്രി പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എക്സില്‍ എഴുതിയത് അഫ്ഗാനിസ്ഥാനിലെ ആമിര്‍ ഖാന്‍ മുത്തഖിി നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതില്‍ താന്‍ ഞെട്ടിപ്പോയെന്നും തന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ തങ്ങളുടെ വനിതാ സഹപ്രവര്‍ത്തകരെ ഒഴിവാക്കിയതായോ ക്ഷണിച്ചിട്ടില്ലെന്നോ കണ്ടെത്തിയപ്പോള്‍ പുരുഷ പത്രപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോവേണ്ടതായിരുന്നു എന്നും പറഞ്ഞു.
വനിതാ മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയത് 'നിര്‍ഭാഗ്യകരം' എന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി വിശേഷിപ്പിച്ചു. താലിബാന്റെ ഉത്തരവ് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ വനിതാ പ്രസ് കോര്‍പ്സും (ഐഡബ്ല്യുപിസി) ഈ നടപടിയെ വളരെ വിവേചനപരമാണെന്നും വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നയതന്ത്രപരമായ പദവിയുടെ അടിസ്ഥാനത്തില്‍ ഇത് ന്യായീകരിക്കാനാവില്ലെന്നും വിശേഷിപ്പിച്ചു.
2021 ല്‍ അട്ടിമറിയിലൂടെ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത താലിബാന്‍ പ്രതിനിധിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. യാത്രാ നിരോധനങ്ങളും സ്വത്ത് മരവിപ്പിക്കലും ഉള്‍പ്പെടെയുള്ള യു എന്‍ ഉപരോധങ്ങള്‍ക്ക് വിധേയമായതിനാല്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ കമ്മിറ്റിയില്‍ നിന്ന് താത്ക്കാലിക യാത്രാ ഇളവ് നേടിയ ശേഷമാണ് താലിബാന്‍ നേതാവ് ഡല്‍ഹിയില്‍ എത്തിയത്.