ന്യൂയോര്‍ക്ക് പാര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിയെ പ്രതിഷേധക്കാരന്‍ യഹൂദ വിരോധിയെന്ന് വിളിച്ചു

ന്യൂയോര്‍ക്ക് പാര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിയെ പ്രതിഷേധക്കാരന്‍ യഹൂദ വിരോധിയെന്ന് വിളിച്ചു


ന്യൂയോര്‍ക്ക്: സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായ സൊഹ്റാന്‍ മംദാനിയെ മാന്‍ഹട്ടന്‍ ഡൗണ്‍ടൗണില്‍ പ്രതിഷേധക്കാരിലൊരാള്‍ യഹൂദ വിരോധിയെന്ന്  വിളിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പുറത്തേക്കു പോയി. പ്രതിഷേധ പ്രകടനക്കാരനും മംദാനിയുടെ ജീവനക്കാരില്‍ ഒരാളും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളും ഉണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ഥിയെ അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

'യഹൂദ വിരുദ്ധന്‍! ശരിയത്ത് നിയമത്തെ അപലപിക്കൂ! ഹിസ്ബുള്ളയെ അപലപിക്കൂ! നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയില്ല!' എന്ന് ആക്രോശിച്ചുകൊണ്ട് ഫോളി സ്‌ക്വയറില്‍ നിന്ന് മംദാനിയെ പിന്തുടരുന്ന പ്രതിഷേധക്കാരനെ ദൃശ്യങ്ങളില്‍ കാണാം.

ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ട്രംപ് പതാക പോലെ തോന്നിക്കുന്ന ഒന്ന് പ്രകടനക്കാരന്‍ വീശുന്നതും കണ്ടു.

പ്രകടനക്കാരന്‍ മംദാനിയുടെ കാറിനടുത്തേക്ക് വളരെ അടുത്തെത്തിയപ്പോള്‍ ഒരു സ്റ്റാഫ് അംഗം അദ്ദേഹത്തെ തള്ളിമാറ്റുകയും ഒരു നിമിഷത്തെ ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. 

സംഭവസ്ഥലവുമായി അടുത്ത ബന്ധമുള്ളയാളും എന്നാല്‍ സംഘര്‍ഷത്തില്‍ പങ്കെടുക്കാത്തയാളുമായ പബ്ലിക് അഭിഭാഷകന്‍ ജുമാനെ വില്യംസ് സ്വതന്ത്രമായ അഭിപ്രായപ്രകടനം അനുവദിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. 

ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തെക്കുറിച്ചുള്ള മംദാനിയുടെ പരാമര്‍ശങ്ങളില്‍ പ്രകടനക്കാരന്‍ രോഷാകുലനായി. ഇസ്രായേല്‍ സര്‍ക്കാര്‍ നടത്തുന്നതായി അദ്ദേഹം വിശേഷിപ്പിച്ച ഗാസയിലെ 'വംശഹത്യ യുദ്ധത്തില്‍' യു എസ് പങ്കെടുക്കുന്നുണ്ടെന്ന് മംദാനിയെ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായേലും പാലസ്തീന്‍ ജനതയ്ക്കെതിരെ വര്‍ണ്ണവിവേചനം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

'ഇന്‍തിഫാദയെ ആഗോളവല്‍ക്കരിക്കുക' എന്ന പ്രയോഗം മുമ്പ് ഉപയോഗിച്ചതിന് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും മംദാനിയെ വിമര്‍ശിച്ചിട്ടുണ്ട്. ജൂതവിരുദ്ധതയ്ക്കെതിരായ തന്റെ എതിര്‍പ്പും ഇസ്രായേലിനുള്ള പിന്തുണയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം അടുത്തിടെ തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി.