ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഇന്ത്യയുടെ പ്രസ്താവന വ്യാജമെന്ന് മുഹമ്മദ് യൂനുസ്

ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന ഇന്ത്യയുടെ പ്രസ്താവന വ്യാജമെന്ന് മുഹമ്മദ് യൂനുസ്


ധാക്ക: ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം നടക്കുന്നുവെന്ന ഇന്ത്യയുടെ പ്രസ്താവന വ്യാജമാണെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഒരു അഭിമുഖത്തിലാണ് മുഹമ്മദ് യൂനുസ് ഇന്ത്യക്കെതിരെ തിരിഞ്ഞത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രധാന പ്രത്യേകതയെന്നും യൂനുസ് പറഞ്ഞു. 

ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വംശീയ അതിക്രമം വര്‍ധിച്ചെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു. ഇന്ത്യ എപ്പോഴും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണിതെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ ബംഗ്ലാദേശിലെ ഏകദേശം 30,000 ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒത്തുകൂടി. അവരുടെ സമുദായത്തിനെതിരെ ആയിരക്കണക്കിന് ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ടു. ഇസ്‌കോണ്‍ നേതാവിനെ മോചിപ്പിക്കണമെന്നും രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ തങ്ങളെ വെറും ഹിന്ദുക്കളായി മാത്രം കാണാതെ ബംഗ്ലാദേശി പൗരന്മാരായി കണണമെന്ന് യൂനുസ് അഭ്യര്‍ഥിച്ചു. മാത്രമല്ല ന്യൂനപക്ഷത്തിനെതിരേ ആക്രമണം നടക്കുന്നില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.