സൗത്ത് കരോലിന: തിരക്കേറിയ ബാറില്‍ ഒക്ടോബര്‍ 12ന് നടന്ന കൂട്ട വെടിവയ്പ്പില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. ബ്യൂഫോര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നതനുസരിച്ച് പുലര്‍ച്ചെ 1 മണിക്ക് തൊട്ടുമുമ്പ് ഹില്‍ട്ടണ്‍ ഹെഡില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ വടക്കുള്ള സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലിലാണ് സംഭവം. വെടിവയ്പ് നടത്തിയവരെ കുറിച്ച് അന്വേഷണം നടത്തുന്നതായി അധികൃതര്‍ പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ബാറില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതായും നിരവധി പേര്‍ക്ക് വെടിയേറ്റിരുന്നതായും നാല് പേരെ സംഭവസ്ഥലത്ത് മരിച്ച നിലയിലും കണ്ടെത്തി. കുറഞ്ഞത് 20 പേര്‍ക്ക് പരിക്കേറ്റ് പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
വെടിവെപ്പില്‍ നിന്ന് രക്ഷതേടി നിരവധി പേര്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും ഓടിയതായി ബ്യൂഫോര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് എക്സിലെ പ്രസ്താവനയില്‍ പറഞ്ഞു.
ബ്യൂഫോര്‍ട്ട് കൗണ്ടിയിലെ വെടിവയ്പ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുവെന്ന് യു എസ് പ്രതിനിധി നാന്‍സി മേസ് എക്സില്‍ പോസ്റ്റ് ചെയ്തു.