അര്‍ജുന്റെ ലോറി കണ്ടെത്തി

അര്‍ജുന്റെ ലോറി കണ്ടെത്തി


അങ്കോല: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തി. എന്നാല്‍ രക്ഷാപ്രവര്‍ത്തനം രാത്രി നടത്താന്‍ സാധിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചതിന് പിന്നാലെ തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. 

ട്രക്ക് കണ്ടെത്തിയെങ്കിലും പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റും വീശുന്നുണ്ട്. 

അതിശക്തമായ മഴയെ അവഗണിച്ചാണ് തെരച്ചില്‍ സംഘം നദിയിലേക്ക് പോയത്. എന്നാല്‍ പുഴയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാവുകയായിരുന്നു. രാത്രിയില്‍ ഉള്‍പ്പെടെ തെരച്ചില്‍ ഊര്‍ജിതമാക്കി എത്രയും വേഗം ലോറി കരയ്ക്ക് എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ നാവികസേന പുഴയില്‍നിന്ന് കരയിലേക്ക് മടങ്ങി. 

ദൗത്യം വ്യാഴാഴ്ച പൂര്‍ണമാകുമെന്ന് എം എല്‍ എ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ മാധ്യമങ്ങള്‍ തടസപ്പെടുത്തരുതെന്നും ഒരോ മണിക്കൂറിലും വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച വൈകിട്ടോടെയാണ് ഗംഗാവാലി പുഴയ്ക്കടിയില്‍ കണ്ടെത്തിയ ലോറി അര്‍ജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങള്‍ ഒരേ സ്ഥലത്ത് തന്നെ സിഗ്നല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥിരീകരണം. കരയില്‍ നിന്നും 20 മീറ്റര്‍ അകലെ 15 മീറ്റര്‍ താഴ്ചയിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ലോറി നദിയില്‍ കരയ്ക്കും മണ്‍കൂനയ്ക്കും ഇടയിലാണുള്ളതെന്നാണ് വിവരം. വാഹനം കണ്ടെത്തിയിടത്ത് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ആഴങ്ങളില്‍ വീണ വസ്തുക്കള്‍ കണ്ടെത്താനുള്ള റഡാര്‍ പരിശോധന പ്രധാനമാണ്.

ലോറി പുറത്തെടുക്കുക എന്നതിനേക്കാല്‍ അര്‍ജുനെ കണ്ടെത്തുന്നതിനാണ് പരിഗണനയെന്ന് സൈന്യം അറിയിച്ചു. ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷന്‍ പ്ലാന്‍ മുന്നോട്ട് വച്ചു. ഡൈവര്‍മാരെ ഇറക്കി ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് കണ്ടെത്താനാണ് ആദ്യം ശ്രമിക്കുക. പിന്നീടായിരിക്കും ലോറി പുറത്തെത്തിക്കുക.