ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ സാധ്യതയെ തള്ളി കെജ്രിവാള്‍. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് മാധ്യമങ്ങളെ കാണവെയാണ് കെജ്രിവാള്‍ വ്യക്തമാക്കിയത്. 2025 ഫെബ്രുവരി മാസത്തിന് മുന്‍പ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
70 അംഗങ്ങളാണ് ആകെ ഡല്‍ഹി നിയമസഭയിലുള്ളത്. അതില്‍ 62 സീറ്റുകളിലും നിലവില്‍ ആം ആദ്മിയുടെ പ്രതിനിധികളാണ്. അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം ഇന്ത്യാ മുന്നണിയിലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രമുഖ പാര്‍ട്ടികള്‍ക്കെല്ലാം കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്കായി കോണ്‍ഗ്രസും എഎപിയും ഒരുമിച്ചായിരുന്നു മത്സരിച്ചത്. എന്നാല്‍, ഒരു സീറ്റില്‍ പോലും ഇരുപാര്‍ട്ടികള്‍ക്കും ജയിക്കാനായില്ല. ബിജെപിയാണ് മുഴുവന്‍ സീറ്റിലും ജയിച്ചത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്കായിരുന്നു ആം ആദ്മി പാര്‍ട്ടി മത്സരിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ആംആദ്മിയും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
അതേസമയം, അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്. 11 പേരുടെ ആദ്യ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. ബിജെപിയും കോണ്‍ഗ്രസും വിട്ടെത്തിയ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ആം ആദ്മി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.
കൈ പിടിക്കില്ല; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്രിവാള്‍