സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു

സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു


ന്യൂഡല്‍ഹി: സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞു. സംഭല്‍ യാത്രയില്‍ പിന്മാറാതെ യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. സ്ഥലത്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തരും തടിച്ചുകൂടിയതോടെ സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറത്തിറങ്ങാതെ കാറില്‍ തന്നെ തുടരുകയാണ്.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ വെച്ചുതന്നെ തടയാനായി വന്‍ സന്നാഹങ്ങളാണ് പൊലീസ് ക്രമീകരിച്ചത്. അതിര്‍ത്തികളില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ വെച്ചും പൊലീസ് സന്നാഹത്തെ വിന്യസിച്ചുമാണ് ഇരുവരെയും ഉത്തര്‍പ്രദേശില്‍ കടക്കുന്നതില്‍ നിന്നും യുപി പൊലീസ് തടഞ്ഞത്. നേരത്തെ സംഭല്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുവാദം ലഭിച്ചിരുന്നു. സംഭലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ദിവസം മുന്‍പ് സംഭല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു. സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ സംഭല്‍ ഷാഹി ജുമാ മസ്ജിദ് പരിസരത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഇക്കഴിഞ്ഞ 24-ാം തീയതിയായിരുന്നു സംഭവം.