യുഎസില്‍ വാഹനാപകടങ്ങളില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു; ട്രക്ക് കാറില്‍ ഇടിച്ച് തീപിടിച്ച് ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബം മരിച്ചു

യുഎസില്‍ വാഹനാപകടങ്ങളില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു; ട്രക്ക് കാറില്‍ ഇടിച്ച് തീപിടിച്ച് ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബം മരിച്ചു


ഡാളസ് :  അമേരിക്കയില്‍ ട്രക്ക് വാഹനത്തില്‍ ഇടിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബം മരിച്ചു. ഡാളസില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ദമ്പതികളായ തേജസ്വിനി, ശ്രീ വെങ്കട്ട്, അവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ അപകടത്തില്‍പ്പെട്ടത്.

അറ്റ്‌ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. 

സമാനമായ ഒരു സംഭവത്തില്‍, ന്യൂയോര്‍ക്കില്‍ നടന്ന ഒരു മാരകമായ റോഡപകടത്തില്‍ ക്ലീവ്‌ലാന്‍ഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ചൊവ്വാഴ്ച അറിയിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 10 ന് ഈസ്റ്റ് കൊക്കാലിക്കോ ടൗണ്‍ഷിപ്പില്‍ വെച്ചായിരുന്നു അപകടമെന്ന് ലാന്‍കാസ്റ്റര്‍ കൗണ്ടി കൊറോണര്‍ ഓഫീസ് പറഞ്ഞു.  പ്രഭാകര്‍ എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. പ്രഭാകറും പട്ടേലും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുന്‍ സീറ്റിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന് പരിക്കേറ്റു. അദ്ദേഹത്തെ ഉടന്‍ തന്നെ ഒരു പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനം റോഡില്‍ നിന്ന് തെന്നിമാറി ഒരു മരത്തില്‍ ഇടിച്ചതിനു ശേഷം പാലത്തില്‍ ഇടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചിച്ചു. 'ക്ലീവ്‌ലാന്‍ഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ മാനവ് പട്ടേലും സൗരവ് പ്രഭാകറും മരിച്ച നിര്‍ഭാഗ്യകരമായ റോഡപകടത്തെക്കുറിച്ച് അറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്,' എന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ പോസ്റ്റ് ചെയ്തു.