ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട മധ്യപ്രദേശ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട മധ്യപ്രദേശ് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി


ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആറ് വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിടുകയും അവരെ തിരിച്ചെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ജഡ്ജിമാര്‍ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുമ്പോേള്‍ കേസ് തീര്‍പ്പാക്കല്‍ നിരക്ക് ഒരു അളവുകോലാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കവെ ജസ്റ്റിസ് നാഗരത്‌ന നടത്തിയ പാരാമര്‍ശവും ശ്രദ്ധേയമായി. 'പുരുഷന്മാര്‍ക്ക് ആര്‍ത്തവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്, അപ്പോള്‍ മാത്രമേ അവര്‍ക്ക് മനസ്സിലാകു' എന്നായിരുന്നു നാഗരത്‌നയുടെ അഭിപ്രായം.

'ഡിസ്മിസ്ഡ്-ഡിസ്മിസ്ഡ്' എന്ന് പറഞ്ഞ് വീട്ടിലേക്ക് പോകുന്നത് വളരെ എളുപ്പമാണ്. നമ്മള്‍ പോലും ഈ കാര്യം ദീര്‍ഘമായി കേള്‍ക്കുന്നു എന്നാല്‍ അഭിഭാഷകര്‍ക്ക് പറയാന്‍ കഴിയുമോ നമ്മള്‍ പതുക്കെയാണെന്ന് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പതുക്കെയാണെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് അയക്കാനാവുമോ? പുരുഷ ജഡ്ജിമാര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ഒരേ മാനദണ്ഡം വരട്ടെ അവരെ വീട്ടിലേക്ക് അയയ്ക്കട്ടെ, അപ്പോള്‍ ഞങ്ങള്‍ കാണാം, എന്താണ് സംഭവിക്കുക എന്ന് നമുക്കറിയാമല്ലോ. കേസ് തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് ജില്ലാ ജുഡീഷ്യറികള്‍ക്ക് ഒരു ടാര്‍ജറ്റ് യൂണിറ്റുകള്‍ നിശ്ചയിക്കാന്‍ എങ്ങനെ കഴിയും?' എന്നായിരുന്നു ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടത്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഡിസംബര്‍ പന്ത്രണ്ടിലേയ്ക്ക് മാറ്റി.

2023 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട നടപടി സുപ്രീം കോടതി കഴിഞ്ഞ ജനുവരിയില്‍ സ്വമേധയാ പരിഗണിച്ചിരുന്നു. പ്രൊബേഷന്‍ കാലയളവിലെ പ്രകടനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി ജഡ്ജിമാരുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും ഫുള്‍ കോടതി യോഗത്തിന്റെയും നിലപാട് പരിഗണിച്ചാണ് നിയമവകുപ്പ് ആറ് ജഡ്ജിമാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.

ഫെബ്രുവരിയില്‍ നടന്ന വാദം കേള്‍ക്കലില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാണോ എന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് വാക്കാല്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ജൂലായില്‍ പിരിച്ചവിടപ്പെട്ട ജഡ്ജിമാര്‍ക്കെതിരായ നടപടി ഒരു മാസത്തിനകം പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി വീണ്ടും മധ്യപ്രദേശ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഗൗരവ് അഗര്‍വാളാണ് കേസില്‍ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്സിംഗ്, ആര്‍ ബസന്ത് എന്നിവര്‍ ജഡ്ജിമാര്‍ക്ക് വേണ്ടി ഹാജരായി. അഭിഭാഷകനായ അര്‍ജുന്‍ ഗാര്‍ഗാണ് മധ്യപ്രദേശ് ഹൈക്കോടതിക്ക് വേണ്ടി ഹാജരായത്.