അന്തരിച്ച സി ബി ഐ മുന്‍ ഡയറക്ടര്‍ വിജയ് ശങ്കറിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് കൈമാറും

അന്തരിച്ച സി ബി ഐ മുന്‍ ഡയറക്ടര്‍ വിജയ് ശങ്കറിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് കൈമാറും


ന്യൂഡല്‍ഹി: ചൊവ്വാഴ്ച അന്തരിച്ച സിബിഐ മുന്‍ ഡയറക്ടര്‍ വിജയ് ശങ്കറിന്റെ മൃതദേഹം വൈദ്യ ശാസ്ത്ര പഠനത്തിന് വിട്ടുനല്‍കുമെന്ന് കുടുംബം. അസുഖ ബാധിതനായതിനെ തുടര്‍ന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 76-ാം വയസില്‍ അദ്ദേഹത്തിന്റെ അന്ത്യം. വിജയ് ശങ്കറിന്റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം എയിംസിന് കൈമാറുന്നതെന്ന് കുടുംബം അറിയിച്ചു.

ഉത്തര്‍പ്രദേശ് കേഡറിലെ 1969 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയ് ശങ്കര്‍ 2005 ഡിസംബര്‍ 12 മുതല്‍ 2008 ജൂലൈ 31 വരെ സിബിഐ തലവനായിരുന്നു. വിജയ് ശങ്കര്‍ സിബിഐ ഡയറക്ടറായിരിക്കെയാണ് കുപ്രസിദ്ധമായ ആരുഷിഹേംരാജ് ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുത്തത്. തെല്‍ഗി കുംഭകോണ അന്വേഷണം, ഗുണ്ടാസംഘം അബു സലേമിനെയും നടി മോണിക്ക ബേദിയെയും പോര്‍ച്ചുഗലില്‍ നിന്ന് കൈമാറുന്നതുള്‍പ്പെടെ വിജയ് ശങ്കറിന്റെ കാലത്താണ്.

സിബിഐ ഡയറക്ടറാകുന്നതിന് മുമ്പ് ശങ്കര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെയും സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്സിന്റെയും തലവനായിരുന്നു. 1990 കളില്‍ ജമ്മു കശ്മീരില്‍ ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്തുത്യര്‍ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ നേടിയിട്ടുണ്ട്.