ന്യൂഡൽഹി: ഡൽഹിയിൽ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന വായുമലിനീകരണത്തിൽ രൂക്ഷമായി പ്രതികരിച്ച് ശശി തരൂർ എം.പി. ലോകാരോഗ്യ സംഘടന പോലും പുകമഞ്ഞിന് പരിധി നിശ്ചിയിച്ചിട്ടുണ്ട്. അതിന്റെ 60 മടങ്ങാണ് ഡൽഹിയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഇങ്ങനെ പുകമഞ്ഞിനാൽ വിഷലിപ്തമായ ഒരു നഗരം രാജ്യതലസ്ഥാനമായി തുടരണോ എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.
വർഷങ്ങളായി ഒരു നടപടിയും സ്വീകരിക്കാതെ കേന്ദ്രം ഈ മലിനീകരണം കണ്ടുനിൽക്കുകയാണ്. ഏതാനും ദിവസങ്ങളായി ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് 'സിവിയർ പ്ലസ്' (അതിഗുരുതരം) വിഭാഗത്തിലാണ്. തുടർന്ന് സ്‌കൂളുകളിൽ ഓൺലൈൻ മാധ്യമം വഴിയാക്കി പഠനം. ആളുകളോട് പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡീസൽ, പെട്രോൾ വാഹനങ്ങൾക്കും ഡൽഹിയിൽ നിയന്ത്രണം ഏർപ്പെടുത്തി.
2015 മുതൽ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്.
'ഡൽഹി ഔദ്യോഗികമായി ലോകത്തെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരമായിക്കഴിഞ്ഞു. വായുമലിനീകരണത്തിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനത്തുള്ള ധാക്കയേക്കാൾ അഞ്ചിരട്ടി മോശമാണ് ഡൽഹിയിലെ അവസ്ഥ.
എന്നാൽ വർഷങ്ങളായി ഇതിന് സാക്ഷ്യം വഹിക്കുകയാണെങ്കിലും നമ്മുടെ സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ്.
മനസാക്ഷിക്ക് നിരക്കാത്ത കാര്യമാണത്.'ശശി തരൂർ എക്‌സിൽ കുറിച്ചു.
2015 മുതൽ വിദഗ്ധരും എം.പിമാരും ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് ഈ വിഷയമെന്നും ശശി തരൂർ പറഞ്ഞു. എന്നാൽ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. നവംബർ മുതൽ ജനുവരി വരെ ഡൽഹി നഗരം ജീവിക്കാൻ അനുയോഗ്യമല്ല. വരും വർഷങ്ങളിലും ഇതു തന്നെ ആവർത്തിക്കും. ഇനിയും ഇത് രാജ്യതലസ്ഥാനമായി തുടരുന്നതിൽ അർഥമുണ്ടോ എന്നും ശശി തരൂർ ചോദിച്ചു.
ഡൽഹിയിലും സമീപപ്രദേശങ്ങളിലുമായി ഏഴ് കോടി ആളുകൾ അധിവസിക്കുന്നുണ്ടെന്നാണ് കണക്ക്. നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്‌സ്(എ.ക്യു.ഐ) നിരക്ക് 500 കവിഞ്ഞിരിക്കുകയാണ്. എ.ക്യു.ഐ 50 ൽ താഴെ നിൽക്കുന്നതാണ് ഏറ്റവും അനുയോജ്യം. 51നും 100നുമിടയിലായാലും വലിയ പ്രശ്‌നമുണ്ടാകില്ല. 101നും 200നും ഇടയിലാകുന്നത് കുറച്ചു പ്രശ്‌നമുണ്ടാക്കും. 201നും 300നുമിടയിലായാൽ മലിനീകരണത്തിന്റെ തോത് കുറക്കാനുള്ള നടപടി ഉടൻ സ്വീകരിക്കണം. 400 കടന്നാൽ ഏറ്റവും ഗുരുതരമായ അവസ്ഥയിലാകും കാര്യങ്ങൾ.
വിഷലിപ്തമായ ഡൽഹി ഇനിയും രാജ്യതലസ്ഥാനമായി തുടരണോ ? വായു മലിനീകരണത്തിൽ പൊട്ടിത്തെറിച്ച് ശശി തരൂർ എംപി