ഗ്വാഹട്ടി: അസം ബി ജെ പിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുസ്ലിംകളെ 'പോയിന്റ്-ബ്ലാങ്ക്' ദൂരത്തില്‍ വെടിവയ്ക്കുന്നതായി പ്രതീകാത്മകമായി കാണിക്കുന്ന വീഡിയോ കടുത്ത രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് ഇടയാക്കി. അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്ന ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതോടെ, വ്യാപകമായ പ്രതിഷേധത്തിനിടെ വീഡിയോ നീക്കം ചെയ്യേണ്ടിവന്നു.
പോയിന്റ് ബ്ലാങ്ക് ഷോട്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. എയര്‍ റൈഫിള്‍ കൈകാര്യം ചെയ്യുന്ന ഹിമന്ത ബിശ്വ ശര്‍മയുടെ ദൃശ്യങ്ങള്‍ക്കൊപ്പം എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തലയില്‍ തൊപ്പിയും താടിയും ധരിച്ച പുരുഷന്മാരുടെ ചിത്രങ്ങളിലേക്ക് വെടിയുണ്ടകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ ഇടകലര്‍ത്തിയിരുന്നു. ഇത് മുസ്‌ലിം വിരുദ്ധതയാണെന്ന് വിമര്‍ശകര്‍ വ്യക്തമാക്കി. ഫോറിനര്‍ ഫ്രീ അസം, നോ മേഴ്‌സി എന്നീ വാചകങ്ങള്‍ ഉള്‍പ്പെടെ തുറന്ന വര്‍ഗീയത പ്രകടമാക്കുന്ന സന്ദേശങ്ങളാണ് വീഡിയോയിലുടനീളം പ്രത്യക്ഷപ്പെട്ടത്.
വീഡിയോയുടെ അവസാന ഭാഗത്ത് പാശ്ചാത്യ ശൈലിയിലുള്ള സിനിമയിലെ നായകനായി ഹിമന്തയെ അവതരിപ്പിക്കുകയും 'നീ എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ല?', 'ബംഗ്ലാദേശികള്‍ക്ക് ക്ഷമയില്ല' എന്നീ അസമീസ് വാചകങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അസമില്‍ ബംഗാളി വംശജരായ മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങള്‍ ശക്തമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തതെന്നതും ശ്രദ്ധേയമാണ്.
പ്രതിപക്ഷം നടപടി ആവശ്യപ്പെട്ടു
വീഡിയോയെ അപലപനീയവും ആശങ്കാജനകവുമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി. ഇത് ട്രോളെന്ന പേരില്‍ തള്ളിക്കളയാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
ബിജെപിയുടെ ഔദ്യോഗിക അസാം അക്കൗണ്ടില്‍ ന്യൂനപക്ഷങ്ങളുടെ 'പോയിന്റ്-ബ്ലാങ്ക്' കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നത വീഡിയോ പോസ്റ്റ് ചെയ്തത് കൂട്ട അക്രമത്തിനും വംശഹത്യയ്ക്കുമുള്ള ആഹ്വാനമാണെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി ഇടപെടുമെന്ന പ്രതീക്ഷ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ പാര്‍ട്ടി നീതിപീഠം ഇടപെടണമെന്നും ആവശ്യപ്പെട്ടു.
സീനിയര്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ മുകള്‍ തലത്തില്‍ നിന്നുതന്നെ പടര്‍ന്ന വിഷം എന്നാണ് വീഡിയോയെ വിശേഷിപ്പിച്ചത്. യാതൊരു ഇളവുമില്ലാത്ത നടപടികള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാവ് സുപ്രിയ ശ്രിനേറ്റ് വീഡിയോ നീക്കം ചെയ്തതാല്‍ പോരെന്ന് പ്രതികരിക്കുകയും കോടതികളും സ്ഥാപനങ്ങളും 'ഉറങ്ങുകയാണോ' എന്ന് ചോദിക്കുകയും ചെയ്തു.
അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് അസം ഘടകം വീഡിയോയെ 'പ്രദര്‍ശനപരമായ രക്തദാഹം' എന്ന് വിശേഷിപ്പിച്ചു. വെറുപ്പ് സാധാരണവല്‍ക്കരിക്കുകയാണെന്ന് ഭരണകക്ഷിയെ കുറ്റപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി പാര്‍ട്ടി വീഡിയോയില്‍ മുസ്ലിംകളെ 'പോയിന്റ്-ബ്ലാങ്ക്' വെടിവയ്ക്കുന്നതായി അഭിനയിക്കുന്നതിനെക്കാള്‍ അശ്ലീലമായ മറ്റെന്തുണ്ട്? ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അത് നീക്കം ചെയ്യേണ്ടിവന്നു എന്ന് പാര്‍ട്ടി കുറിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എം പി സാഗരിക ഘോഷ്, വീഡിയോ ക്രിമിനല്‍ കുറ്റമാണെന്ന നിലപാട് സ്വീകരിച്ചു. ബി ജെ പി അസാം യു എ പി എ പ്രകാരമുള്ള കുറ്റമാണ് ചെയ്തിരിക്കുന്നത്. അക്രമത്തിന് വ്യക്തമായ പ്രേരണയാണ് ഇത്. പരസ്യം നീക്കം ചെയ്താല്‍ രക്ഷപ്പെടാനാകില്ലെന്ന് അവര്‍ എക്സില്‍ കുറിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചൂണ്ടിക്കാട്ടി, മാതൃകാപരമായ ശിക്ഷ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവും അസം എം പിയുമായ ഗൗരവ് ഗോഗോയ് മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പ്രാദേശികവും ദേശീയവുമായ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹിമന്ത ബിശ്വ ശര്‍മ സ്വയം അപമാനിച്ചു.
അസമിലുടനീളം 12,000 ബീഗാ, അഥവാ ഏകദേശം 4,000 ഏക്കര്‍ വിലപ്പെട്ട ഭൂമി താനും കുടുംബവും എങ്ങനെ സ്വന്തമാക്കിയെന്നത് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ഗോഗോയ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍, ആ ഭൂമികള്‍ തിരികെ പിടിച്ച് ദരിദ്രര്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മിയ' സമൂഹത്തെ ലക്ഷ്യമാക്കി ഹിമന്ത ബിശ്വ ശര്‍മ മുന്‍കാലങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളും വീണ്ടും ചര്‍ച്ചയിലായി. അസാമിലെ ബംഗാളി ഭാഷ സംസാരിക്കുന്ന കിഴക്കന്‍ ബംഗാള്‍ വംശജരായ മുസ്ലിംകളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'മിയ'. മുമ്പ് നടത്തിയ പ്രസ്താവനകളില്‍, 'മിയ ജനങ്ങളെ വേദനിപ്പിക്കുക എന്നതാണ് തന്റെ ജോലി' എന്ന് ശര്‍മ പറഞ്ഞിരുന്നു. റിക്ഷ ഓടിക്കുന്നവര്‍ മിയ മുസ്ലിം ആണെങ്കില്‍ കൂലി കുറച്ച് നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അവര്‍ ബുദ്ധിമുട്ട് അനുഭവിച്ചാല്‍ മാത്രമേ അസാം വിടുകയുള്ളൂ എന്ന് ഒരു പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നാല് മുതല്‍ അഞ്ച് ലക്ഷം വരെ മുസ്ലിം വോട്ടുകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.
