ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 6, 11 തിയ്യതികളിലാണ് നടത്തുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബര്‍ 14ന് വരും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് ന്യൂഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബര്‍ 22ന് അവസാനിക്കും. 2020ല്‍ മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന സ്ഥാനത്ത് ഇത്തവണ രണ്ട് ഘട്ടമായി ചുരുക്കുകയായിരുന്നു.
ഭരണകക്ഷിയായ എന്‍ ഡി എയും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും തമ്മിലാണ് ഇത്തവണ ബിഹാറില്‍ പ്രധാന പോരാട്ടം. എന്‍ ഡി എ മുന്നണിയില്‍ ബി ജെ പി, ജെ ഡി യു, ചിരാഗ് പാസ്വാന്റെ എല്‍ ജെ പി തുടങ്ങിയ പാര്‍ട്ടികളും ഇന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസും ആര്‍ ജെ ഡിയും ഇടതു പാര്‍ട്ടികളുമാണ് രംഗത്തുള്ളത്.
7.42 കോടിയിലധികം പേര്‍ക്കാണ് ബിഹാറില്‍ വോട്ടവകാശമുള്ളത്. ഇതില്‍ 14 ലക്ഷത്തോളം പേര്‍ കന്നിവോട്ടര്‍മാരാണ്.