മിഡില്‍ ഈസ്റ്റ് പ്രതിസന്ധി: വിമാന യാത്രകളിലെ അപകടസാധ്യത പരിശോധിക്കണമെന്ന് വിമാനകമ്പനികളോട് വ്യോമയാന മന്ത്രാലയം

മിഡില്‍ ഈസ്റ്റ് പ്രതിസന്ധി: വിമാന യാത്രകളിലെ അപകടസാധ്യത പരിശോധിക്കണമെന്ന് വിമാനകമ്പനികളോട് വ്യോമയാന മന്ത്രാലയം


ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകളിലെ സ്വന്തം അപകടസാധ്യത വിലയിരുത്താന്‍ എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളോടും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിമാന പ്രവര്‍ത്തനങ്ങളിലെ അപകടസാധ്യത വിലയിരുത്താന്‍ ഇന്ത്യന്‍ എയര്‍ലൈനുകളോട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടത്.

എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ എന്നിവയുള്‍പ്പെടെയുള്ള എയര്‍ലൈന്‍ കമ്പനികളും മറ്റ് കമ്പനികളും ഇറാനിയന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് ദീര്‍ഘദൂര റൂട്ടുകളില്‍ അവരുടെ അന്താരാഷ്ട്ര വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിമാനകമ്പനികള്‍ പടിഞ്ഞാറന്‍ ഭാഗത്തേക്കുള്ള ബദല്‍ ഫ്‌ലൈറ്റ് പാതകള്‍ തിരഞ്ഞെടുക്കുകയും ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കുകയും ചെയ്യുന്നു.

തങ്ങളുടെ ഫ്‌ലൈറ്റ് ഓപ്പറേഷനുകള്‍ സംബന്ധിച്ച് സ്വന്തം അപകടസാധ്യത വിലയിരുത്താന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വുംലുന്‍മാങ് വുവല്‍നം ചൊവ്വാഴ്ച ന്യൂസ് വയര്‍ പിടിഐയോട് പറഞ്ഞു. 'ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിദേശകാര്യ മന്ത്രാലയവുമായും മറ്റ് എയര്‍ലൈനുകളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി  പറഞ്ഞു.

എയര്‍ ഇന്ത്യ അതിന്റെ ചില അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയിലേക്കും തിരിച്ചും ബദല്‍ ഫ്‌ലൈറ്റ് പാതകളിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്; മിഡില്‍ ഈസ്റ്റിലെ സാഹചര്യം കണക്കിലെടുത്ത് വിസ്താര അതിന്റെ ചില ഫ്‌ലൈറ്റുകളുടെ ഫ്‌ലൈറ്റ് പാതകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടാതെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഇതര ഫ്‌ലൈറ്റ് പാതകള്‍ തെരഞ്ഞെടുത്തതിനാല്‍ ചില അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാ ദൈര്‍ഘ്യം അരമണിക്കൂറോളം വര്‍ദ്ധിച്ചിട്ടുണ്ട്.

നോ-ഫ്‌ലൈ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് വാണിജ്യ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ യാത്ര ചെയ്യേണ്ടി വന്നേക്കാം, ഇത് ഉയര്‍ന്ന ഇന്ധനച്ചെലവിലേക്ക് നയിക്കുന്നുവെന്ന് മിഡില്‍ ഈസ്റ്റ് പ്രതിസന്ധിപരാമര്‍ശിച്ച് ഐ സി ആര്‍ എ യിലെ കോര്‍പ്പറേറ്റ് റേറ്റിംഗ് വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ സുപ്രിയോ ബാനര്‍ജി പറഞ്ഞു.

പ്രശ്‌നം നിലനില്‍ക്കുകയാണെങ്കില്‍ വരാനിരിക്കുന്ന വേനല്‍ക്കാല അവധിക്കാലത്ത് നേരിട്ട് ബാധിക്കപ്പെട്ടതും ബാധിക്കപ്പെടാന്‍ സാധ്യതയുള്ളതുമായ സമീപ പ്രദേശങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന യാത്രയെയും ഇത് ബാധിക്കുമെന്ന് ബാനര്‍ജി പറഞ്ഞു.

നിലവിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം വിമാനങ്ങളുടെ യാത്രാമാര്‍ഗത്തില്‍ വരുത്തിയ പുനക്രമീകരണം ദൈര്‍ഘ്യമേറിയ റൂട്ടുകള്‍ക്കും യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കും പുറത്തേക്കും ഫ്‌ലൈറ്റുകള്‍ നടത്തുന്ന എയര്‍ലൈനുകള്‍ക്ക് ഉയര്‍ന്ന ചിലവുകളും ഉണ്ടാക്കുമെന്ന് ട്രാവല്‍ പോര്‍ട്ടല്‍ ixigo ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഗ്രോത്ത് മനന്‍ ബജോറിയ പറഞ്ഞു.

ദൈര്‍ഘ്യമേറിയ വഴിതിരിച്ചുവിടലുകള്‍ വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് വര്‍ദ്ധിപ്പിക്കുകയും ഈ റൂട്ടുകളിലുടനീളമുള്ള വിമാനനിരക്കില്‍ വര്‍ദ്ധനവിന് കാരണമാവുകയും ചെയ്യും,' ബജോറിയ പറഞ്ഞു.

അതേസമയം, മിഡില്‍ ഈസ്റ്റ് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍ ക്രൂഡ് ഓയില്‍ വിലയിലും പ്രതിഫലിക്കും. കോവിഡിന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് ഉയര്‍ന്ന തലത്തിലുള്ള എടിഎഫ് വിലകളില്‍ ഈ സാഹചര്യം സമ്മര്‍ദ്ദം ചെലുത്തുമെന്നും ബാനര്‍ജി പറഞ്ഞു.

വാരാന്ത്യത്തില്‍, പ്രതികാര ആക്രമണത്തില്‍ ഇറാന്‍ ഇസ്രായേലിന് നേരെ ഡസന്‍ കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചിരുന്നു. ഇറാന്റെ വാരാന്ത്യ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഇസ്രായേല്‍ തിങ്കളാഴ്ച അറിയിച്ചിട്ടുണ്ട്.