കട്ടക്കില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കട്ടക്കില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു


ഭൂവനേശ്വര്‍ : ഒഡീഷയിലെ കട്ടക്കില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍. 36 മണിക്കൂര്‍ നേരത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനവും നിലവില്‍ വന്നു. കട്ടക്കിലെ ദര്‍ഗ ബസാര്‍ പ്രദേശത്താണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചത്തില്‍ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശനിയാഴ്ച ദുര്‍ഗ്ഗാ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് അക്രമണം പൊട്ടിപുറപ്പെട്ടത്. ഞായറാഴ്ച അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിക്കിടെ കല്ലേറുണ്ടായി. ഇതില്‍ 25 പേര്‍ക്ക് പരിക്കേറ്റു. 8 പോലീസ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചത്. 36 മണിക്കൂറേക്കാണ് കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും.

ഞായറാഴ്ച രാത്രി മുതല്‍ 13 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ നിലവില്‍ വന്നു. ഞായറാഴ്ച വൈകുന്നേരം 7 മണി മുതല്‍ ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്കും 36 മണിക്കൂര്‍ വിലക്കുണ്ട്. പോലീസ് കമ്മീഷണര്‍ എസ് ദേവ് ദത്ത സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ കട്ടക്ക് ഡിസിപി ഋഷികേശ് ഖിലാരി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച നടന്ന കല്ലേറില്‍ 25 പേര്‍ക്ക് പരിക്കേറ്റു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. ജനങ്ങളോട് ശാന്തരായിരിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഞായറാഴ്ച വൈകുന്നേരമാണ് ഒരു സംഘടന ബൈക്ക് റാലി നടത്തിയത്. ഇതിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല. പോലീസ് റാലി തടയാന്‍ ശ്രമിച്ചപ്പോഴേക്കും. പോലീസിന് നേരെ കല്ലെര്‍ ആരംഭിച്ചു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വലിയ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷവും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി മാജി ദുഃഖം രേഖപ്പെടുത്തി. എല്ലാ പൗരന്മാരോടും സമാധാനവും ക്രമസമാധാനവും പാലിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 'ആയിരം വര്‍ഷത്തെ സമ്പന്നമായ ചരിത്രമുള്ള കട്ടക്ക്, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ്. എന്നാല്‍, അടുത്ത ദിവസങ്ങളില്‍ ചില സാമൂഹ്യ വിരുദ്ധര്‍ നഗരത്തിലെ സമാധാനം തകര്‍ത്തു. ഇത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിച്ചു. ഈ സാമൂഹ്യ വിരുദ്ധരെ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും,' മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. സാഹചര്യം വഷളാകുന്നത് തടയാന്‍ ഡിജിപി വൈബി ഖുറാനിയയോട് കട്ടക്കില്‍ ക്യാമ്പ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. വിഎച്ച്പി ഇന്ന് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞായറാഴ്ച പോലീസ് നഗരത്തില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഒരു ഉന്നതതല യോഗം ചേര്‍ന്നു. ഡിജിപി ഖുറാനിയ, പോലീസ് കമ്മീഷണര്‍ എസ് ദേവ് ദത്ത സിങ്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (നിയമവും ക്രമസമാധാനവും) സഞ്ജയ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശനിയാഴ്ച നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.