കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 46 ആയി

കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 46 ആയി


ജമ്മു: കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ജില്ലയിലെ ചോസിതി ഗ്രാമത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 167 പേരെയെങ്കിലും പുറത്തെടുത്തു. അവരില്‍ 38 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉച്ചയ്ക്ക് 12നും 1നും ഇടയിലാണ് സംഭവം. മച്ചൈല്‍ മാതാ ക്ഷേത്രത്തിന് സമീപം മതപരമായ പരിപാടിക്കായി തടിച്ചു കൂടിയ ജനക്കൂട്ടത്തിലേക്കാണ് മേഘവിസ്‌ഫോടനം സംഭവിച്ചത്. കിഷ്ത്വാറില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയാണ് ഗ്രാമം.

ഭക്തര്‍ തിങ്ങിനിറഞ്ഞ ഒരു കമ്മ്യൂണിറ്റി അടുക്കളയ്ക്ക് മുകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. വീടുകളും കടകളും ഉള്‍പ്പെടെ ശക്തമായ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. 

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന എല്ലാവരോടും തന്റെ ചിന്തകളും പ്രാര്‍ഥനകളുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ആവശ്യമുള്ളവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സൈന്യം, എന്‍ഡിആര്‍എഫ്, മറ്റ് ഏജന്‍സികള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നു. ആളുകളെയും യന്ത്രങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഓഫീസ് അറിയിച്ചു.

എക്സിലെ ഒരു പോസ്റ്റില്‍, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കിഷ്ത്വാറിലെ ചഷോട്ടി പ്രദേശത്തെ സ്ഥിതി 'ദുഃഖകരം' എന്ന് വിശേഷിപ്പിച്ചു.