ന്യൂഡൽഹി: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിന് സമീപം ഡ്രോൺ ആക്രമണത്തിന് ഇരയായ ചരക്കുകപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ, കപ്പൽഗതാഗത മന്ത്രാലയം അറിയിച്ചു.
എം ടി മാരിവെക്സ് എന്ന വാണിജ്യ ചരക്കുകപ്പലാണ് തിങ്കളാഴ്ച ഉച്ചയോടെ ആക്രമണത്തിന് ഇരയായത്. ഒമാൻ തീരത്ത് നിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെയായിരിക്കെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതര കേടുപാടുകൾ സംഭവിക്കുകയും വൻതോതിൽ തീപിടിത്തമുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഉച്ചയ്ക്ക് ഏകദേശം 1.30ഓടെ എം ടി മാരിവെക്സ് എന്ന കപ്പലിൽ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതായും കപ്പലിൽ 24 ഇന്ത്യൻ നാവികരുണ്ടായിരുന്നുവെന്നും കേന്ദ്ര മന്ത്രാലയത്തിലെ ഷിപ്പിംഗ് ഡിവിഷൻ ഡയറക്ടർ ഒപേഷ് കുമാർ ശർമ അറിയിച്ചു.
ലഭ്യമായ വിവരങ്ങൾ പ്രകാരം എല്ലാ ഇന്ത്യൻ നാവികരും നിലവിൽ സുരക്ഷിതരാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം, വിദേശത്തുള്ള ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾ, ഇന്ത്യൻ നാവികസേന, പ്രതിരോധ മന്ത്രാലയം എന്നിവയുമായി ഏകോപനം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യഘട്ട റിപ്പോർട്ടുകൾ പ്രകാരം, കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതര നാശനഷ്ടമുണ്ടായതിനെ തുടർന്ന് വെള്ളം കയറുകയും കപ്പലിന്റെ സ്ഥിരത നഷ്ടപ്പെടുകയും ചെയ്തു. സ്ഥിതി വഷളായതോടെ കപ്പൽ ജീവനക്കാർ അടിയന്തര സഹായം അഭ്യർഥിച്ച് ദുരന്തസന്ദേശം അയച്ചതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിൽ കപ്പലിലെ ലൈഫ് ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ കൂടുതൽ സങ്കീർണമാവുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിന് സമീപം കുടുങ്ങിക്കിടക്കുന്ന കപ്പലിനും ജീവനക്കാർക്കും സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ് എസ് സ് യു ഐ) ഇന്ത്യൻ അധികൃതരോടും ഇന്ത്യൻ നാവികസേനയോടും അഭ്യർഥിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾക്കിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
