അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ജമ്മു-കശ്മീരിലും നേരിയ പ്രകമ്പനം

അഫ്ഗാനിസ്ഥാനില്‍  ഭൂചലനം; ജമ്മു-കശ്മീരിലും നേരിയ പ്രകമ്പനം


ശ്രീനഗര്‍: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലെ ജമ്മു-കശ്മീരിന്റെ വിവിധ ഭാഗങ്ങളിലും നേരിയ തോതില്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഇതുവരെ ആളപായമോ സ്വത്ത് നാശമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.

ഭൂമിക്കടിയില്‍ 100 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അഫ്ഗാനിസ്ഥാനിലെ കുന്ദൂസിന് 177 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം ഉണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു.

ഭൂചലനത്തെ തുടര്‍ന്ന് ജമ്മു-കശ്മീരിലെ ചില പ്രദേശങ്ങളില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.