ബംഗളൂരു: കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ തോതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്ത്. പത്രസമ്മേളനത്തില്‍ ആരോപണങ്ങളുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുലിന് കത്തയച്ചത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, അനര്‍ഹരായവരുടെ വിവരങ്ങള്‍ എന്നിവ ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് കത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃക തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുലിന് അയച്ചിട്ടുണ്ട്. വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ബി ജെ പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടന്നുവെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. വാര്‍ത്താ സമ്മേളനം വിളിച്ച് വോട്ട് മോഷണം എന്ന പേരില്‍ പ്രസന്റേഷന്‍ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം.
ചില തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തില്‍ ചേര്‍ത്തവരെക്കാള്‍ കൂടുതല്‍ അഞ്ചുമാസം കൊണ്ട് ചേര്‍ത്തുവെന്നും ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തിയ്യതികള്‍ മാറ്റിയതില്‍ സംശയമുണ്ടെന്നും രാഹുല്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ 5 മണിക്ക് ശേഷം പോളിങ് നിരക്ക് വര്‍ധിച്ചു. വോട്ടര്‍ പട്ടിക നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിസമ്മതിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം വോട്ടര്‍മാര്‍ എത്തി. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമങ്ങള്‍ മാറ്റി. 45 ദിവസങ്ങള്‍ കഴിയുമ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുമെന്ന് കമ്മിഷന്‍ പറഞ്ഞുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.