ഇന്ത്യയും റഷ്യയും കൂടുതല്‍ സഹകരണത്തിന് കരാര്‍

ഇന്ത്യയും റഷ്യയും കൂടുതല്‍ സഹകരണത്തിന് കരാര്‍


ന്യൂഡല്‍ഹി: മോസ്‌കോയുമായി വ്യാപാരം നടത്തുന്നുവെന്ന പേരില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് ശിക്ഷാ തീരുവ ചുമത്തിയിട്ടും നിര്‍ണായക ധാതുക്കള്‍, കല്‍ക്കരി വാതകവത്ക്കരണം, അലുമിനിയം, വളം തുടങ്ങിയവയില്‍ സഹകരണവും അവസരങ്ങളഉം ഇന്ത്യയും റഷ്യയും സജീവമായി പരിഗണിക്കുന്നു. 

ഇന്ത്യ- റഷ്യ ഇന്റര്‍ഗവണ്‍മെന്റല്‍ കമ്മീഷന്‍ ഓണ്‍ ട്രേഡ്, ഇക്കണോമിക്, സയന്റിഫിക്, ടെക്‌നോളജിക്കല്‍, കള്‍ച്ചറല്‍ കോ-ഓപ്പറേഷന്റെ ഭാഗമായി ആധുനികവത്ക്കരണവും വ്യാവസായിക സഹകരണവും സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പിന്റെ 11-ാമത് സെഷന്‍ ന്യൂഡല്‍ഹിയില്‍ ഇന്ത്യയും റഷ്യയും ചേര്‍ന്ന് നടത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 

സെഷനില്‍ ഡിപിഐഐടി സെക്രട്ടറി അമര്‍ദീപ് സിംഗ് ഭാട്ടിയ, റഷ്യന്‍ ഫെഡറേഷന്റെ വ്യവസായ- വാണിജ്യ ഡെപ്യൂട്ടി മന്ത്രി അലക്‌സി ഗ്രുസ്ദേവ് എന്നിവര്‍ പങ്കെടുത്തു. 

പത്താം സെഷന്‍ മുതല്‍ കൈവരിച്ച പുരോഗതി യോഗം അവലോകനം ചെയ്യുകയും പ്രധാന മേഖലകളിലുടനീളമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വേദി ഒരുക്കുകയും ചെയ്തുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

ചെറിയ വിമാന പിസ്റ്റണ്‍ എഞ്ചിനുകളുടെ ഉത്പാദനം, കാര്‍ബണ്‍ ഫൈബര്‍ സാങ്കേതികവിദ്യ, അഡിറ്റീവ് നിര്‍മ്മാണം, 3ഡിപ്രിന്റിംഗ് എന്നിവയില്‍ സംയുക്ത വികസനം ഉള്‍പ്പെടെ എയ്റോസ്പേസ് ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാണ്.

നിര്‍ണായക ധാതുക്കള്‍ വേര്‍തിരിച്ചെടുക്കല്‍, ഭൂഗര്‍ഭ കല്‍ക്കരി വാതകവത്ക്കരണം, ആധുനിക വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലെ അവസരങ്ങളും ഇരുപക്ഷവും പരിശോധിച്ചുവെന്ന് കൂട്ടിച്ചേര്‍ത്തു.

അലുമിനിയം, വളങ്ങള്‍, റെയില്‍വേ ഗതാഗതം എന്നിവയില്‍ മികച്ച ഇടപെടലിനെ ഇരുപക്ഷവും സ്വാഗതം ചെയ്തതായി മന്ത്രാലയം പറഞ്ഞു.

ഇന്ത്യ- റഷ്യ തന്ത്രപരമായ പങ്കാളിത്തവും വ്യാവസായിക, സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള പ്രതിബദ്ധതയും ഉറപ്പിച്ച് 11-ാമത് സെഷന്റെ പ്രോട്ടോക്കോളില്‍ ഒപ്പുവെച്ചു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഡൊമെയ്ന്‍ വിദഗ്ധര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ഇരുവിഭാഗങ്ങളെയും പ്രതിനിധീകരിച്ച് 80 പ്രതിനിധികള്‍ സെഷനില്‍ പങ്കെടുത്തു.