തിരുവനന്തപുരം: കോഴിക്കോട്- വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് 22 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വയനാട്ടിലെ മേപ്പാടിയിലെത്താന്‍ സഹായിക്കുന്നതാണ് നാലുവരി തുരങ്കപാത.
മെയ് 14, 15 തിയ്യതികളില്‍ നടത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ ആനക്കാംപൊയില്‍ കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് നടപ്പാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമാക്കിയ ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത അസ്ഥാനമാക്കിയ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ 2134 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കുക. പ്രവര്‍ത്തി നടക്കുമ്പോള്‍ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതവും അത് ലഘൂകരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും സംബന്ധിച്ച് കൊങ്കണ്‍ റെയില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് കേന്ദ്ര മന്ത്രാലയം അനുമതി നല്‍കിയത്.
1341 കോടി രൂപയ്ക്ക് ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് തുരങ്കത്തിന്റെ നിര്‍മാണവും 160 കോടി രൂപയ്ക്ക് റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി അപ്രോച്ച് റോഡിന്റെ നിര്‍മാണവുമാണ് ഏറ്റെടുക്കുക. തുരങ്കപ്പാത പദ്ധതിക്ക് അന്തിമ അനുമതി നല്‍കാമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റി (സിയ) വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നത് പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കിയത്. പരിസ്ഥിതിക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കി 60 ഉപാധികളോടെയാണ് അനുമതി നല്‍കിയിരുന്നത്.