വാഷിംഗ്ടണ്‍: പലസ്തീന്‍ അനുകൂല നിലപാട് മൂലം ഫെഡറല്‍ ധനസഹായം മരവിപ്പിച്ച സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു.
യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഫെഡറല്‍ ഫണ്ടിങ് നയങ്ങള്‍ മൂലമുണ്ടായ ബജറ്റ് പരിമിതികള്‍ ചൂണ്ടിക്കാട്ടി 360ലധികം ജീവനക്കാരെയാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പിരിച്ചുവിട്ടത്. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് പല സര്‍വകലാശാലകള്‍ക്കുമുള്ള ഫെഡറല്‍ ഫണ്ട് വെട്ടിക്കുറക്കുമെന്ന് ട്രംപ് ഭരണകൂടം ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്
സ്റ്റാന്‍ഫോര്‍ഡ് ബജറ്റ് കുറക്കല്‍ പ്രക്രിയയിലാണെന്ന് പിരിച്ചുവിടലുകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായി ഒരു സര്‍വകലാശാല വക്താവ് അറിയിച്ചു. കഴിഞ്ഞ ആഴ്ച നിരവധി സ്‌കൂളുകളും യൂണിറ്റുകളും സ്റ്റാഫ് വര്‍ക്ക്‌ഫോഴ്‌സ് വെട്ടിക്കുറച്ചതായും മൊത്തത്തില്‍ 363 പിരിച്ചുവിടലുകള്‍ സംഭവിച്ചതായും വക്താവ് അറിയിച്ചു.
ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന ഫെഡറല്‍ നയ മാറ്റങ്ങളാല്‍ രൂപപ്പെട്ട വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷം കാരണം അടുത്ത വര്‍ഷത്തേക്കുള്ള ജനറല്‍ ഫണ്ട് ബജറ്റില്‍ 140 മില്യണ്‍ ഡോളര്‍ കുറച്ചതായി കാലിഫോര്‍ണിയന്‍ സര്‍വകലാശാല ജൂണില്‍ പറഞ്ഞു.
ഗാസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിനുശേഷം കാമ്പസ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജൂത, ഇസ്രായേല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതികൂലമായ അന്തരീക്ഷം തടയുന്നതില്‍ സര്‍വകലാശാല പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കാലിഫോര്‍ണിയ സര്‍വകലാശാലക്കുള്ള 330 മില്യണ്‍ ഡോളറിലധികം ധനസഹായം ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച മരവിപ്പിച്ചത്.
കൊളംബിയ സര്‍വകലാശാലക്കും ബ്രൗണ്‍ സര്‍വകലാശലക്കും ഫണ്ട് അനുവദിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച ചില ആവശ്യങ്ങള്‍ രണ്ട് സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുമായി ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.
പലസ്തീന്‍ അനുകൂല കാമ്പസ് പ്രതിഷേധങ്ങള്‍ക്കിടെ സര്‍വകലാശാലകള്‍ ജൂതവിരുദ്ധത അനുവദിച്ചുവെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്നു. ഗാസയിലെ ഇസ്രായേല്‍ സൈനിക ആക്രമണത്തെയും പലസ്തീന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതിനെയും വിമര്‍ശിക്കുന്നത് ജൂതവിരുദ്ധതയുമായി സര്‍ക്കാര്‍ തെറ്റായി താരതമ്യം ചെയ്യുന്നുവെന്ന് ചില ജൂത ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പറയുന്നു.
