ഇന്ത്യയുടെ വോട്ടെണ്ണല്‍ പ്രക്രിയയുടെ കാര്യക്ഷമതയെ പ്രശംസിച്ച ഇലോണ്‍ മസ്‌ക്

ഇന്ത്യയുടെ വോട്ടെണ്ണല്‍ പ്രക്രിയയുടെ കാര്യക്ഷമതയെ പ്രശംസിച്ച ഇലോണ്‍ മസ്‌ക്


ന്യൂഡല്‍ഹി : ഇന്ത്യയുടെ വോട്ടെണ്ണല്‍ പ്രക്രിയയുടെ കാര്യക്ഷമതയെ പ്രശംസിച്ച ഇലോണ്‍ മസ്‌ക് അമേരിക്കയുടെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് കാലിഫോര്‍ണിയയില്‍ ദിവസങ്ങളായി വോട്ടെണ്ണല്‍ തുടരുന്നതിനാല്‍ തെരഞ്ഞെടുപ്പു ഫലം വൈകുന്നതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ പരാമര്‍ശം.

ഒരു ദിവസം കൊണ്ട് ഇന്ത്യ 640 ദശലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. എന്നാല്‍ 19 ദിവസം കഴിഞ്ഞിട്ടും കാലിഫോര്‍ണിയയിലെ ഫലം പുറത്തുവന്നിട്ടില്ലെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം.

ഇന്ത്യയിലെ വോട്ടെണ്ണലിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് മസ്‌ക് തന്റെ തന്റെ അഭിപ്രായം പങ്കുവെച്ചത്. ''ഇന്ത്യ ഒരു ദിവസം കൊണ്ട് 640 ദശലക്ഷം വോട്ടുകള്‍ എണ്ണി. കാലിഫോര്‍ണിയ ഇപ്പോഴും വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്,''അദ്ദേഹം പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.

കാലിഫോര്‍ണിയയില്‍ 98 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. 38.2 ശതമാനം വോട്ടുകള്‍ നേടിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കി 58.6 ശതമാനം വോട്ടുകള്‍ നേടി ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് കാലിഫോര്‍ണിയയില്‍ വിജയമുറപ്പിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 39 ദശലക്ഷം ജനങ്ങളുള്ള കാലിഫോര്‍ണിയ യുഎസിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സ്റ്റേറ്റുകളില്‍ ഒന്നാണ്. ഇവരില്‍ 16 ലക്ഷത്തിലധികം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.

കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പ്രധാനമായും തപാല്‍ വഴിയാണ് നടന്നത്. അതിനാല്‍ തന്നെ മെയില്‍-ഇന്‍ ബാലറ്റുകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയവും പരിശ്രമവും ആവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാന്‍ മറക്കുക, തെറ്റായ സ്ഥലത്ത് ഒപ്പിടുക, ശരിയായ കവറില്‍ ബെല്‍റ്റ് സമര്‍പ്പിക്കാതിരിക്കുക, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വോട്ടര്‍മാര്‍ക്ക് ഡിസംബര്‍ ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്.