ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു ക്ഷേത്രത്തിലെ പ്രധാന പൂജാരി യതി നരസിംഹാനന്ദിനെതിരെ ഹൈദരാബാദ് പൊലീസ് വിദ്വേഷ പ്രസംഗത്തിന് കേസെടുത്തു. മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ ഐ എം ഐ എം രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് കേസ്.
ഐ ടി നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബി എന്‍ എസ്) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം സിറ്റി പൊലീസിന്റെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പരാതിയുടെയും എഫ് ഐ ആറിന്റെയും പകര്‍പ്പ് ഒവൈസി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ ഒവൈസി യതി നരസിംഹാനന്ദിനെതിരെ പരാതി നല്‍കുകയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
വിദ്വേഷ പ്രസംഗം നീക്കം ചെയ്യുന്നതിvd സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് ഒരു നോട്ടീസ് അയയ്ക്കാനും ഹൈദരബാദ് സിറ്റി പൊലീസിനോട് അഭ്യര്‍ഥിച്ചതായും ഒവൈസി എഫ് ഐ ആറിന്റെ പകര്‍പ്പിനൊപ്പം എക്സില്‍ പോസ്റ്റ് ചെയ്തു.
എ ഐ എം ഐ എം തലവന്‍ അസദുദ്ദീന്‍ ഒവൈസി തന്റെ പാര്‍ട്ടിയുടെ പരാതി ശക്തമാക്കാന്‍ പൊലീസ് കമ്മീഷണര്‍ സി വി ആനന്ദുമായി കൂടിക്കാഴ്ച നടത്തിയതോടെ വിവാദ ഹിന്ദുത്വ നേതാവിനെതിരെ നഗരത്തില്‍ പ്രതിഷേധം ഉയര്‍ന്നു. കൂടുതല്‍ അന്വേഷണത്തിനായി വിഷയം സൈബര്‍ സെല്ലിന് കൈമാറിയതായി ഒവൈസി പിന്നീട് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് ആനന്ദ് പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് ജയിലിലായ യതി നരസിംഹാനന്ദിന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്ന ജാമ്യ വ്യവസ്ഥയുണ്ടെന്നും അത് ലംഘിച്ചുവെന്നും ഒവൈസി എടുത്തു പറഞ്ഞു. യതി നരസിംഹാനന്ദിന്റെ ജാമ്യം റദ്ദാക്കണമെന്ന് എ ഐ എം ഐ എം ആവശ്യപ്പെടുന്നതായും ഒവൈസി പറഞ്ഞു.
പരാതിയില്‍ യതി നരസിംഹാനന്ദിന്റെ ചില പരാമര്‍ശങ്ങള്‍ എ ഐ എം ഐ എം എടുത്തുപറഞ്ഞിട്ടുണ്ട്.
ആരെങ്കിലും വിദ്വേഷ പ്രസംഗം നടത്തിയാല്‍ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രിം കോടതി വിധിയുണ്ടെന്നും ഒവൈസി ചൂണ്ടിക്കാട്ടി.