നാഗാലാന്‍ഡില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും: എട്ട് മരണം, 12 പേര്‍ക്ക് പരിക്ക്

നാഗാലാന്‍ഡില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും: എട്ട് മരണം, 12 പേര്‍ക്ക് പരിക്ക്


കോഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വ്യാപകമായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. 

മോണ്‍ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ വെന്‍യെയ് കോന്യാക്കിന്റെ നേതൃത്വത്തില്‍ ലഭിച്ച വിവരമനുസരിച്ച് ഇതുവരെ നാല് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നാല് പേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച കനത്ത മഴ രാത്രിയിലുടനീളം തുടര്‍ന്നതിനെ തുടര്‍ന്നാണ് മോണ്‍ പട്ടണത്തിലും ടിസിറ്റ് മേഖലയിലുമടക്കം വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്.

കനത്ത മഴയില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി ബി ജെ പി രാജ്യസഭാംഗം എസ് ഫാങ്‌നോന്‍ കോന്യാക് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. റോഡുകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ റോഡുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

സംഭവത്തില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യു റിയോ ദുഃഖം രേഖപ്പെടുത്തി. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര എന്നിവിടങ്ങളില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി. മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.