രജനീകാന്തിന്റെ ആരോഗ്യം തൃപ്തികരമെന്ന് ആശുപത്രി

രജനീകാന്തിന്റെ ആരോഗ്യം തൃപ്തികരമെന്ന് ആശുപത്രി


ചെന്നൈ: നടന്‍ രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍സ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. 

ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലില്‍ വീക്കമുണ്ടായതാണെന്നും ട്രാന്‍സ്‌കത്തീറ്റര്‍ രീതി ഉപയോഗപ്പെടുത്തി ശസ്ത്രക്രിയ കൂടാതെ ചികിത്സ നടത്തിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സീനിയര്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായി സതീഷ് സ്റ്റണ്ട് സ്ഥാപിച്ചതായും ആരാധകരേയും അഭ്യുദയകാംക്ഷികളേയും അറിയിച്ചു. 

തിങ്കളാഴ്ച രാത്രി വൈകിയാണ് ചെന്നൈയിലെ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ലോകേഷ് കനകരാജിന്റെ 'കൂലി'യിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴിലെ ഹിറ്റ് ചിത്രം 'ജയ് ഭീമി'ന്റെ സംവിധായകന്‍ ടി ജെ ജ്ഞാനവേലിന്റെ 'വേട്ടയ്യന്‍' ആണ് രജനീകാന്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഒക്ടോബര്‍ 10ന് ചിത്രം റിലീസ് ചെയ്യും. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍, റിതിക സിങ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.