ഭാര്യയെ കുംഭമേളയ്ക്ക് കൊണ്ടുപോയി കഴുത്തറുത്തു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ കുംഭമേളയ്ക്ക് കൊണ്ടുപോയി കഴുത്തറുത്തു കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍


ന്യൂഡല്‍ഹി: കുംഭമേളയില്‍ പങ്കെടുക്കാനെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ പ്രയാഗ് രാജിലെത്തിച്ച് കഴുത്തറുത്തു കൊന്ന ഡല്‍ഹി സ്വദേശിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ നിന്നുള്ള അശോക് കുമാറാണ് ഭാര്യ മീനാക്ഷിയെ ക്രൂരമായി കൊലപ്പെടുത്തിയത്. 

ഫെബ്രുവരി 18നാണ് ഇരുവരും പ്രയാഗ്രാജിലെത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അശോക് കുമാര്‍ മക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. രക്തത്തില്‍ കുളിച്ച നിലയില്‍ 40 വയസ്സുള്ള സ്ത്രീയെ കണ്ടെത്തിയതായി അസദ് നഗര്‍ കോളനിയിലുള്ള ഹോംസ്റ്റേക്കാര്‍ കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.

കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി. മൂന്നു മാസം മുന്‍പേ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി പ്രതി കുറ്റസമ്മതം നടത്തി. മറ്റൊരു സ്ത്രീയുമായി അടുപ്പം പുലര്‍ത്തിയിരുന്ന അശോക് കുമാര്‍ മീനാക്ഷിയെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായത്. കൊലപ്പെടുത്തിയതിന് ശേഷം മീനാക്ഷിയെ കാണുന്നില്ലെന്ന് അശോക് കുമാര്‍ മക്കളെ വിളിച്ചറിയിച്ചിരുന്നു. 

സംശയം തോന്നിയ മക്കള്‍ മീനാക്ഷിയുടെ ചിത്രത്തോടു കൂടിയ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.