യുക്രെയ്‌നില്‍ റഷ്യ ഒറ്റ രാത്രിയില്‍ 267 ഡ്രോണുകള്‍ വിക്ഷേപിച്ചു

യുക്രെയ്‌നില്‍ റഷ്യ ഒറ്റ രാത്രിയില്‍ 267 ഡ്രോണുകള്‍ വിക്ഷേപിച്ചു


കീവ്: ഫെബ്രുവരി 23ന് ഞായറാഴ്ച രാത്രിയില്‍ യുക്രെയ്നില്‍ റഷ്യ 267 ഡ്രോണുകള്‍ വിക്ഷേപിച്ചതായി യുക്രെനിയന്‍ സൈന്യം അവകാശപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും മാരകമായ സായുധ സംഘട്ടനത്തിലേക്ക് നയിച്ച യുക്രെയ്നിലെ റഷ്യയുടെ ആക്രമണത്തിന്റെ മൂന്നാം വാര്‍ഷികത്തിന് മുന്നോടിയായാണ് ആക്രമണം നടന്നത്.

ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയില്‍ യുക്രെയ്നിന്റെ ആകാശത്ത് കണ്ടെത്തിയ 267 ഡ്രോണുകള്‍ ഏകദേശം മൂന്ന് വര്‍ഷം മുമ്പ് അധിനിവേശം ആരംഭിച്ചതിനുശേഷം 'ഒറ്റ ആക്രമണത്തിന്റെ റെക്കോര്‍ഡ്' ആണെന്ന് വ്യോമസേന വക്താവ് യൂറി ഇഗ്‌നാറ്റ് ഫേസ്ബുക്കിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അവയില്‍ 138 എണ്ണം വ്യോമ പ്രതിരോധം തടഞ്ഞുവെന്നും 119 എണ്ണം നാശനഷ്ടങ്ങള്‍ വരുത്താതെ 'നഷ്ടപ്പെട്ടു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശേഷിക്കുന്ന 10 എണ്ണത്തിന് എന്ത് സംഭവിച്ചുവെന്ന് ഇഗ്‌നാറ്റ് പറഞ്ഞില്ല.

ടെലിഗ്രാമിലെ പ്രസ്താവനയില്‍ കീവ്  ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങള്‍ 'ആക്രമിക്കപ്പെട്ടതായി' സായുധ സേന പറഞ്ഞു. അതേസമയം ശനിയാഴ്ച വൈകി നടന്ന റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ മധ്യ പട്ടണമായ ക്രൈവി റിഗില്‍ ഒരാള്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. 

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയ്നിലെ തന്റെ സൈനികര്‍ 'ദേശീയ താത്പര്യങ്ങള്‍' സംരക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയും രാജ്യത്തിന്റെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനുള്ള ദൃഢനിശ്ചയം നടത്തിയതിനു പിന്നാലെയുമാണ് ഏറ്റവും പുതിയ ആക്രമണം.

റഷ്യയുടെ പിതൃഭൂമി ദിനത്തോടനുബന്ധിച്ച് ക്രെംലിന്‍ പുറത്തിറക്കിയ വീഡിയോയില്‍ പുടിന്‍ പറഞ്ഞത് ഇന്ന് അവരുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടും ധൈര്യത്തോടെയും അവര്‍ തങ്ങളുടെ മാതൃരാജ്യത്തെയും ദേശീയ താത്പര്യങ്ങളെയും റഷ്യയുടെ ഭാവിയെയും ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുന്നു എന്നാണ്. 

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി കിഴക്കന്‍ യുക്രെയ്നില്‍ പിടിച്ചെടുത്ത പ്രദേശം ഒരിക്കലും കൈമാറില്ലെന്ന് ക്രെംലിന്‍ ഞായറാഴ്ച പറഞ്ഞു.

'ജനങ്ങള്‍ വളരെക്കാലം മുമ്പ് റഷ്യയില്‍ ചേരാന്‍ തീരുമാനിച്ചു' എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്റ്റേറ്റ് ടി വിയോട് പറഞ്ഞു.