ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 292 ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി റോമിലേക്ക് തിരിച്ചുവിട്ടു. ഇമെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.
വിമാനം ഡല്‍ഹിയിലേക്ക് പറക്കുന്നതിന് മുമ്പ് റോം വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കും.
ബോയിംഗ് 787 ഡ്രീംലൈനര്‍ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പറന്നുയര്‍ന്നത്. കാസ്പിയന്‍ കടല്‍ കടന്നതിനുശേഷം ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം റോമിലേക്ക് ഗതി മാറ്റുകയായിരുന്നു.
ലിയോനാര്‍ഡോ ഡാവിഞ്ചി റോം ഫിയുമിസിനോ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങിയതായി വിമാനത്താവളത്തെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തിന് സമീപമെത്തിയപ്പോള്‍ യൂറോഫൈറ്റര്‍ ജെറ്റുകള്‍ അകമ്പടി സേവിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എയര്‍ലൈനും വിമാനത്താവള അധികൃതരും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് അധികൃതര്‍ നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്.