ചെയ്ത ജോലി വിശദീകരിച്ചില്ലെങ്കില്‍ ചെയ്യാന്‍ ജോലിയുണ്ടാവില്ലെന്ന് മസ്‌കിന്റെ ഭീഷണി

ചെയ്ത ജോലി വിശദീകരിച്ചില്ലെങ്കില്‍ ചെയ്യാന്‍ ജോലിയുണ്ടാവില്ലെന്ന് മസ്‌കിന്റെ ഭീഷണി


ന്യൂയോര്‍ക്ക്: ഒരാഴ്ച ചെയ്ത പ്രവര്‍ത്തനങ്ങളെ കുറിച്ച് 48 മണിക്കൂറിനുള്ളില്‍ വിശദീകരിക്കണമെന്നു കാര്യക്ഷമതാ വകുപ്പ് (ഡോജ്) മേധാവി ഇലോണ്‍ മസ്‌കിന്റെ അന്ത്യശാസനം. ഇതോടെ യു എസിലെ ഫെഡറല്‍ ജീവനക്കാര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയിലായി. 

റിപ്പോര്‍ട്ട് നല്‍കുകയോ പിരിഞ്ഞുപോകാന്‍ തയ്യാറാകുകയോ വേണമെന്നാണു മസ്‌ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. തിങ്കളാഴ്ച രാത്രി 11.59 വരെയാണു മറുപടി നല്‍കാനുള്ള സമയപരിധി അനുവദിച്ചിരിക്കുന്നത്. ഫെഡറല്‍ ജീവനക്കാരുടെ അംഗ സംഖ്യ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മസ്‌ക് കടുംവെട്ട് നീക്കം നടത്തിയിരിക്കുന്നത്. 

സാമൂഹ്യ മാധ്യമത്തിലൂടെ നിര്‍ദ്ദേശം നല്‍കിയ മസ്‌ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമാണ് തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും മറുപടി  നല്‍കാത്തവര്‍ രാജിവെച്ചതായി കണക്കാക്കുമെന്നും മസ്‌ക് വ്യക്തമാക്കി. 

ജഡ്ജിമാര്‍, കോടതി ജീവനക്കാര്‍, ജയില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഇതേ നിര്‍ദേശം ഇ-മെയിലില്‍ ലഭിച്ചിട്ടുണ്ട്. മറുപടി അഞ്ച് പോയിന്റുകളായി നല്‍കാനാണ് ഇ-മെയിലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണത്തിന്റെ പകര്‍പ്പ് മാനേജര്‍ക്കും നല്‍കണം. എന്നാല്‍ മറുപടി നല്‍കിയില്ലെങ്കില്‍ രാജിയായി കണക്കാക്കുമെന്ന് ഈ സന്ദേശത്തില്‍ പറഞ്ഞിട്ടില്ല.

മസ്‌ക് നടത്തുന്ന നീക്കം യു എസ് ഫെഡറല്‍ ഏജന്‍സി ജീവനക്കാരില്‍ പരക്കെ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. ചില കാര്യങ്ങളില്‍ ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ലെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിലപാട്.

പുതിയ കടുത്ത തീരുമാനം പ്രഖ്യാപിച്ചതോടെ തൊഴിലാളി യൂണിയനുകള്‍ മസ്‌കിനെതിരെ  രംഗത്തെത്തി. ഉത്തരവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നു അറിയിച്ച യൂണിയനുകള്‍ അതിനുള്ള തയ്യാറെടുപ്പിലാണ്. ഫെഡറല്‍ ജീവനക്കാര്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണു പുതിയ ഉത്തരവെന്ന് എഎഫ്ജിഇ പ്രസിഡന്റ് ഇവരെത് കെല്ലി പറഞ്ഞു. നിയമവിരുദ്ധമായി തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടുന്നത് തങ്ങള്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.