അഹമ്മദാബാദില്‍ 241 യാത്രക്കാരുടെജീവന്‍ അപഹരിച്ച എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വേഷ്‌കുമാര്‍ രമേഷ് തന്നെ 'ഭാഗ്യവാന്‍' എന്ന് വിശേഷിക്കുന്നുണ്ടെങ്കിലും താനിപ്പോള്‍ ജീവിക്കുന്നത് ശാരീരികമായും മാനസികമായും കടുത്ത വേദനയിലാണെന്നാണ് പറയുന്നത്. 
ലണ്ടന്‍ ലക്ഷ്യമാക്കിയ ബോയിംഗ് 787 വിമാനം പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ എന്‍ജിനുകളിലേക്കുള്ള ഇന്ധനം വിതരണം തടസപ്പെട്ട് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. വിമാനത്തിലെ 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഉള്‍പ്പെടെ 241 പേരാണ് മരിച്ചത്. അപകടം നടന്നപ്പോള്‍ ഭൂമിയിലുണ്ടായിരുന്ന 19 പേരുടെ ജീവനും നഷ്ടപ്പെട്ടു.
 'ഞാന്‍ ജീവിച്ചിരിക്കുന്നു എന്നത് ഒരു അത്ഭുതം തന്നെയാണ്. പക്ഷേ എന്റെ സഹോദരന്‍ ഇല്ലാതായി. അവന്‍ എന്റെ പിന്‍ബലം ആയിരുന്നു.- അപകടത്തില്‍ സഹോദരന്‍ അജയ് മരിച്ചത്  കണ്ണീരോടെ ഓര്‍ക്കുന്ന വിശ്വേഷ് കുമാര്‍ പറഞ്ഞു.  അപകടത്തിനു ശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വിശ്വേഷിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) ബാധിച്ചതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. ഇപ്പോള്‍ ഭാര്യയും നാലുവയസുകാരനായ മകനുമൊത്ത് ലെസ്റ്ററിലെ വീട്ടില്‍ കഴിയുന്ന വിശ്വേഷ് അവരോടു പോലും സംസാരിക്കാതെ ഒറ്റപ്പെട്ട്  കഴിയുകയാണ്. 'ഞാന്‍ ആരുമായും സംസാരിക്കുന്നില്ല. വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുകയാണ്. രാത്രി മുഴുവന്‍ ഉറങ്ങാനാകുന്നില്ല. മനസ്സിലാകുന്നത് വേദന മാത്രം,' അദ്ദേഹം ബിബിസിയോട് പറഞ്ഞു.
അപകടത്തില്‍ കാലിലും ചുമലിലും പിന്നിലുമേറ്റ പരിക്കുകള്‍ കാരണം വിശ്വേഷ് കുമാറിന് ഇപ്പോഴും നടക്കാനും വാഹനമോടിക്കാനും പ്രയാസമാണ്. ഇന്ത്യയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ PTSD രോഗനിര്‍ണയം നടന്നുവെങ്കിലും ബ്രിട്ടനിലേക്ക് മടങ്ങിയതിനു ശേഷം ചികില്‍സ ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആരോപണം.
'അവന്റെ കുടുംബം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് അവരെ കാണുകയും അവരുടെപ്രശ്‌നങ്ങള്‍ കേള്‍ക്കുകയും വേണം'- ലെസ്റ്ററിലെ സമുദായ നേതാവ് സഞ്ജീവ് പട്ടേല്‍ പറഞ്ഞു.
വിശ്വേഷ്‌കുമാറിന് എയര്‍ ഇന്ത്യ 21,500 ഡോളര്‍ ഇടക്കാല നഷ്ടപരിഹാരം നല്‍കിയെങ്കിലും അത് പര്യാപ്തമല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. ദുരന്തത്തിനു ശേഷം അദ്ദേഹം സഹോദരനൊപ്പം നടത്തിയിരുന്ന ദിയുവിലെ മീന്‍വ്യാപാര സ്ഥാപനം തകര്‍ന്നതായും അവര്‍ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ എയര്‍ ഇന്ത്യയുടെ മാതൃസ്ഥാപനമായ ടാറ്റാ ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശിച്ചുവരികയാണെന്നും, വിശ്വേഷ്‌കുമാറിനെയും അദ്ദേഹത്തിന്റെ പ്രതിനിധികളെയും നേരിട്ട് കാണാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജീവനോടെ രക്ഷപ്പെട്ട ഞാന്‍ ഭാഗ്യവാന്‍; പക്ഷേ ബാക്കിയുള്ളത് വേദന മാത്രം: എയര്‍ ഇന്ത്യ അപകടത്തില്‍പെട്ട ഏക യാത്രക്കാരന്‍ വിശ്വേഷ് കുമാര്‍ രമേഷ്
                                
                        
