ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐ എം എഫ്

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐ എം എഫ്


ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ സ്ഥാനം നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) വിലയിരുത്തി. 2026 ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഐ എം എഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് അപ്‌ഡേറ്റ് റിപ്പോര്‍ട്ട് പ്രകാരം 2026ലും 2027ലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.4 ശതമാനമായിരിക്കും.

റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 2025ല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.3 ശതമാനം വളര്‍ച്ച കൈവരിക്കും. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളിലും 6.4 ശതമാനം വളര്‍ച്ചയോടെ ഇന്ത്യ ആഗോള ശരാശരിയെയും വികസിത സമ്പദ്വ്യവസ്ഥകളുടെയും വളര്‍ച്ചാ നിരക്കുകളെയും ഏറെ മറികടക്കും. ലോക സമ്പദ്വ്യവസ്ഥ 2025ലും 2026ലും 3.3 ശതമാനം വീതം വളരുമെന്നും 2027ല്‍ അത് 3.2 ശതമാനമായി ചെറിയ തോതില്‍ താഴ്‌ന്നേക്കാമെന്നും ഐ എം എഫ് പ്രവചിക്കുന്നു. 

ആഭ്യന്തര ആവശ്യകത, സര്‍ക്കാര്‍ ചെലവുകളുടെ തുടര്‍ച്ച, സ്വകാര്യ നിക്ഷേപങ്ങളില്‍ ക്രമേണ ഉണ്ടാകുന്ന വര്‍ധന എന്നിവയാണ് ഇന്ത്യയുടെ ശക്തമായ സാമ്പത്തിക കാഴ്ചപ്പാടിന് അടിത്തറയാകുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ പാത വ്യക്തമായും ശക്തമാണെന്ന് ഐ എം എഫ് വിലയിരുത്തുന്നു. 2026ല്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ 2.4 ശതമാനവും ചൈന 4.5 ശതമാനവും യൂറോപ്യന്‍ മേഖല 1.3 ശതമാനവും വളരുമെന്നാണ് കണക്ക്.

ഏഷ്യയിലെ വികസിക്കുന്ന സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ മുന്‍ സ്ഥാനം തുടരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2026ല്‍ ഏഷ്യന്‍ മേഖലയിലെ സമ്പദ്വ്യവസ്ഥകള്‍ മൊത്തത്തില്‍ 5.0 ശതമാനം വളരുമെന്ന പ്രവചനത്തില്‍ ഇന്ത്യ നിര്‍ണായക പങ്കുവഹിക്കും. അതേസമയം വികസനത്തിലുള്ള സമ്പദ്വ്യവസ്ഥകള്‍ 2026ല്‍ 4.2 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കുകയുള്ളുവെന്നും ഇത് ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കിനെക്കാള്‍ വളരെ താഴെയാണെന്നും ഐ എം എഫ് വ്യക്തമാക്കി.