2021ൽ താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിൽ ഇത്തരമൊരു ചർച്ച നടക്കുന്നത്.
ന്യൂഡൽഹി: താലിബാൻ ആക്ടിങ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് കേന്ദ്രമന്ത്രി എസ്.ജയ്ശങ്കർ. അമിർ ഖാൻ മുത്താഖിയുമായി ടെലിഫോൺ ചർച്ചയാണ് ജയ്ശങ്കർ നടത്തിയത്. ഇന്ത്യക്കും അഫ്ഗാനുമിടയിൽ അവിശ്വാസമുണ്ടാക്കാനുള്ള നീക്കങ്ങളെ താലിബാൻ ഭരണകൂടം തള്ളിക്കളയുകയാണെന്നും ഫോൺ സംഭാഷണത്തിൽ അമിർ ഖാൻ മുത്താഖി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറെ അറിയിച്ചു.
നേരത്തെ താലിബാൻ വിദേശകാര്യമന്ത്രി ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറിയും തമ്മിൽ ജനുവരിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫോൺ സംഭാഷണം. 2021ൽ താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിൽ ഇത്തരമൊരു ചർച്ച നടക്കുന്നത്.
കഴിഞ്ഞ ദിവസം അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് ജയ്ശങ്കർ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അഫ്ഗാൻ വിദേശകാര്യമന്ത്രി അപലപിച്ചുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണെന്നും ജയ്ശങ്കർ വ്യക്തമാക്കി. ഇന്ത്യക്കും അഫ്ഗാനും ഇടയിൽ അവിശ്വാസം ഉണ്ടാക്കാനുള്ള നീക്കങ്ങളെ തള്ളിയ അദ്ദേഹത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുകയാണെന്നും ജയ്ശങ്കർ പറഞ്ഞു.
ചരിത്രപരമായി ബന്ധങ്ങളുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും അഫ്ഗാനിസ്താനുമെന്ന് താലിബാൻ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകട്ടെയെന്ന് അഫ്ഗാൻ മന്ത്രി പറഞ്ഞു. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് അഫ്ഗാൻ ആഗ്രഹിക്കുന്നത്. ഇന്ത്യഅഫ്ഗാൻ വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനുള്ള സന്നദ്ധതയും താലിബാൻ വിദേശകാര്യമന്ത്രി പ്രകടിപ്പിച്ചു.
നേരത്തെ അഫ്ഗാനിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന ആരോപണം പാക് സൈനിക മേധാവി ഉയർത്തിയിരുന്നു. ഇത് പൂർണമായും തള്ളുന്ന നിലപാടാണ് താലിബാൻ സ്വീകരിച്ചിരിക്കുന്നത്.