ന്യൂഡല്‍ഹി:  ഇറാനിലെ ചാബഹാര്‍ തുറമുഖവുമായി ബന്ധപ്പെട്ട അമേരിക്കന്‍ ഉപരോധങ്ങള്‍ ഇന്ത്യയ്ക്ക് ബാധകമാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി. ഈ ഒഴിവ് ഒക്ടോബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരും.
ഇറാനുമായി കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച 10 വര്‍ഷത്തെ കരാറിന്റെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യ പോര്‍ട്ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് (IPGL) 370 മില്യണ്‍ ഡോളര്‍ നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള പ്രധാന കവാടമായ ചാബഹാര്‍ തുറമുഖം, അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും തന്ത്രപ്രധാനമായ ഇടമാണ്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ അന്തിമരൂപം കൊടുക്കുന്നതിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. 'വ്യാപാരകരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെടാം,' എന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയസ്വാള്‍ അറിയിച്ചു.
2018ല്‍ ഡോണള്‍ഡ് ട്രംപ് ഭരണകാലത്തും ഇന്ത്യക്ക് ചാബഹാര്‍ വികസിപ്പിക്കാനുള്ള പ്രത്യേക ഇളവ് അമേരിക്ക നല്‍കിയിരുന്നു. ഇറാനിലെ പ്രധാന തുറമുഖമായ ബന്ദര്‍ അബ്ബാസ് തിരക്ക് നിറഞ്ഞതായതിനാല്‍ ചാബഹാര്‍ വികസനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.
ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട യുഎന്‍ ഉപരോധങ്ങളുടെ ഭാഗമായാണ് അമേരിക്കയുടെ കഴിഞ്ഞ മാസത്തെ നടപടി  വന്നത്.
അതേസമയം, റഷ്യന്‍ എണ്ണ കമ്പനികളിലെ പുതിയ അമേരിക്കന്‍ ഉപരോധങ്ങളുടെ ഫലങ്ങള്‍ വിലയിരുത്തുകയാണെന്ന് വിദേശമന്ത്രാലയം അറിയിച്ചു. 'ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ പലതരം ഉറവിടങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ ഊര്‍ജ്ജം ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതേ വിഷയത്തില്‍ 2022 ഏപ്രിലില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. 'ഇന്ത്യ റഷ്യയില്‍ നിന്ന് ഒരു മാസത്തില്‍ വാങ്ങുന്ന എണ്ണ, യൂറോപ്പ് ഒരു പകല്‍ സമയത്ത് വാങ്ങുന്നതിലും കുറവായിരിക്കും,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാനിലെ ഷഹീദ് ബെഹേഷ്തി ടെര്‍മിനല്‍  ഇന്ത്യയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പാക്കിസ്താന്‍ വഴിയല്ലാതെ അറേബ്യന്‍ കടലിലേക്കുള്ള നേരിട്ടുള്ള പ്രവേശനം ലഭിക്കുന്നതിനാല്‍ അഫ്ഗാനിസ്ഥാനും ചാബഹാറിന് വലിയ പ്രാധാന്യം നല്‍കുന്നു.
വ്യാപാര കരാര്‍ സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും 'അവസാനഘട്ട ചര്‍ച്ച'കളില്‍ എത്തിയിരിക്കുകയാണെന്നും, എങ്കിലും 'ആവേശത്തിലും സമ്മര്‍ദ്ദത്തിലും' കരാര്‍ ഒപ്പുവെക്കില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി.
ഇറാനിലെ ചാബഹാര്‍ തുറമുഖത്തെ അമേരിക്കന്‍ ഉപരോധത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ആറുമാസത്തെ ഒഴിവ്
 
                                
                        
