ലണ്ടൻ: ലൈംഗികാരോപണ വിവാദത്തിൽ പെട്ട ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരനെതിരെ കടുത്ത നടപടിയെടുത്ത് സഹോദരനായ ചാൾസ് രാജാവ്. ആൻഡ്രൂവിന്റെ പ്രിൻസ് പദവി പിൻവലിക്കുകയും കൊട്ടാരത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തുകൊണ്ടാണ് ഇതുവരെ കാണാത്ത കടുത്ത നടപടി ചാൾസ് രാജാവ് സ്വീകരിച്ചത്. 
 ജെഫ്രി എപ്സ്റ്റീൻ എന്ന ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം ശമിപ്പിക്കാനാണ് രാജാവ് ആൻഡ്രൂവിന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിൻവലിച്ച് വിൻഡ്‌സറിലെ രാജകീയ വസതിയിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിട്ടത്.
'അത്യാവശ്യമായ ശാസനാപരമായ നടപടി'യെന്നാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രസ്താവനയിൽ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിനുശേഷം രാജകുടുംബത്തിനുള്ളിൽ ഇത്രയും വലിയ ഭിന്നത ആദ്യമായാണ് സംഭവിക്കുന്നത്.
65 വയസ്സുള്ള ആൻഡ്രൂ കഴിഞ്ഞ 15 വർഷമായി ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുകയാണ്. എപസ്റ്റീന്റെ സഹായത്തോടെ കൗമാരത്തിൽ രാജകുമാരൻ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന അമേരിക്കൻ യുവതി വെർജീനിയ ഗ്യൂഫ്രെയുടെ ആരോപണമാണ് വിവാദമായത്. ഗ്യൂഫ്രെ ഏപ്രിലിൽ ആത്മഹത്യ ചെയ്തിരുന്നു. 'ഒരു സാധാരണ പെൺകുട്ടി തന്റെ സത്യത്തോടും ധൈര്യത്തോടും കൂടി ഒരു ബ്രിട്ടീഷ് രാജകുമാരനെ വീഴ്ത്തി,' എന്ന് ഗ്യൂഫ്രെയുടെ കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
രാജാവ് ചാൾസിന്റെ ഉത്തരവുപ്രകാരം ഇനി ആൻഡ്രൂ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്‌സർ എന്നായിരിക്കും അറിയപ്പെടുക. വിൻഡ്‌സറിലെ റോയൽ ലോഡ്ജ് ഒഴിഞ്ഞ്, രാജാവിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വീട്ടിലേക്കാണ് അദ്ദേഹം മാറുന്നത്. ആ വസതി രാജാവ് സ്വകാര്യമേഖലയിൽ നിന്ന് ധനസഹായം നൽകിയാണ് ഒരുക്കുന്നത്.
കൊട്ടാരത്തിന്റെ പ്രസ്താവന പ്രകാരം ആൻഡ്രൂവിന്റെ ഡ്യൂക്ക് ഓഫ് യോർക്ക്, എർൾ ഓഫ് ഇൻവെർനെസ്, ബാരൻ കിലിലീയെഗ് തുടങ്ങിയ പദവികളും ഓർഡർ ഓഫ് ദ് ഗാർട്ടർ, റോയൽ വിക്ടോറിയൻ ഓർഡർ ബഹുമതികളും ഉടൻ റദ്ദാക്കപ്പെട്ടു. 'ആൻഡ്രൂ എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെങ്കിലും, അദ്ദേഹം ഗുരുതരമായ പിഴവുകൾ നടത്തിയതായി രാജകുടുംബം നിഗമനത്തിലെത്തി,' പ്രസ്താവനയിൽ പറയുന്നു.
2019 മുതൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ആൻഡ്രൂവിന്റെ ആഡംബര ജീവിതം ഇപ്പോഴും എങ്ങനെ നിലനിർത്തുന്നുവെന്ന ചോദ്യവും സജീവമായി. 2022ൽ ഗ്യൂഫ്രെയുമായുള്ള കേസിൽ കോടികളുടെ സ്വകാര്യ ഒത്തുതീർപ്പ് നടത്തിയതും ഇപ്പോഴും വിവാദമാണ്. കൂടാതെ, വിൻഡ്‌സർ ഗ്രേറ്റ് പാർക്കിലെ 30 മുറിയുള്ള റോയൽ ലോഡ്ജ് ആൻഡ്രൂ വെറും 10 ലക്ഷം ഡോളറിന് വാങ്ങി, വർഷങ്ങളായി നാമമാത്ര വാടകക്ക് മാത്രമാണ് താമസിക്കുന്നതെന്ന വെളിപ്പെടുത്തലും പൊതുസമൂഹത്തിനിടയിൽ രോഷമുണർത്തി.
വിവാദങ്ങൾക്കിടയിലും ആൻഡ്രൂ ഇപ്പോഴും ആചാരപ്രകാരം ബ്രിട്ടീഷ് സിംഹാസനത്തിനു എട്ടാം ആവകാശിയായിരിക്കും. ഈ പദവി പിൻവലിക്കാൻ കോമൺവെൽത്ത് രാജ്യങ്ങളുടെ അംഗീകാരം ആവശ്യമായതിനാൽ അത് പൂർത്തിയാക്കൽ ദീർഘമായ പ്രക്രിയയായിരിക്കും.
 നീതിക്കായുള്ള പ്രതിജ്ഞയാണ് ഈ നീക്കം എന്ന് രാജകുടുംബം വ്യക്തമാക്കി: 'ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരോടുള്ള കരുണയും നീതിയും ഉറപ്പാക്കാനാണ് ഈ നടപടി,' എന്ന് കൊട്ടാര പ്രസ്താവനയിൽ പറയുന്നു.
അതേസമയം, എപ്സ്റ്റീൻ ബന്ധമുള്ള മറ്റു പ്രമുഖർക്കുമെതിരെ ഇതുപോലെ നടപടികൾ ഗ്യൂഫ്രെയുടെ കുടുംബം ആവശ്യപ്പെട്ടു. 'ഞങ്ങളുടെ സഹോദരി അനീതിക്കെതിരായ പോരാട്ടം ജയിച്ചു,' എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
ആൻഡ്രൂവിനെതിരെ സ്വകാര്യ നിയമനടപടികൾ തുടങ്ങുമെന്ന് ബ്രിട്ടനിലെ ആന്റിമോണാർക്കി സംഘടനയായ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചു. 'പദവികൾ നഷ്ടപ്പെടുത്തുന്നത് മതിയല്ല; നിയമത്തിനുമുകളിൽ ആരുമില്ലെന്ന് തെളിയിക്കണം,' റിപ്പബ്ലിക്ക് ചീഫ് ഗ്രഹാം സ്മിത്ത് പറഞ്ഞു.
ആൻഡ്രൂവിന്റെ മക്കളായ പ്രിൻസസ് ബിയാട്രിസും യൂജീനിയും അവരുടെ രാജകുമാരിത്ത്വ പദവി നിലനിർത്തും. മുൻഭാര്യ സാറാ ഫെർഗസനും (66) റോയൽ ലോഡ്ജ് വിടും.
മുമ്പ് 1917ലാണ് ഒരു പ്രിൻസിന്റെ പദവി റദ്ദാക്കപ്പെട്ടത് - വിക്ടോറിയ രാജ്ഞിയുടെ കൊച്ചുമകനായ ചാൾസ് എഡ്വേർഡിന്റെ പദവി ബ്രിട്ടീഷ് പാർലമെന്റ് നീക്കം ചെയ്തപ്പോഴായിരുന്നു അത്
ലൈംഗിക പീഡന ആരോപണം: ആൻഡ്രൂ രാജകുമാരനെതിരെ കടുത്ത നടപടിയുമായി ചാൾസ് രാജാവ്; പ്രിൻസ് പദവി പിൻവലിച്ച് കൊട്ടാരത്തിൽ നിന്ന് പുറത്താക്കി
 
                                
                        
