വാഷിംഗ്്ടണ്‍ : അഭയാര്‍ഥി പ്രവേശന നയം കര്‍ശനമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2026ല്‍ അമേരിക്ക സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം വെറും 7,500 ആയി ചുരുക്കുമെന്നും, ഇതു അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞതാണെന്നും, ഇതില്‍ തന്നെ വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.
'ആഫ്രിക്കയിലെ തങ്ങളുടെ സ്വദേശങ്ങളില്‍ അനീതിയായ പീഡനമോ വിവേചനമോ നേരിടുന്ന വെള്ളക്കാര്‍ക്കാകും മുന്‍ഗണന നല്‍കുക, പ്രവേശന കോട്ടയിലെ ഭൂരിപക്ഷവും ഈ വിഭാഗത്തിനായി വകയിരുത്തുമെന്നും വൈറ്റ് ഹൗസ് മെമ്മോ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം പീഡന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രചാരണങ്ങളാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തള്ളി.
ബൈഡന്‍ ഭരണകാലത്ത് വര്‍ഷംതോറും 1 ലക്ഷം പേരെ വരെ സ്വീകരിച്ചിരുന്ന അമേരിക്കയുടെ അഭയാര്‍ഥി പരിപാടി ട്രംപ് ഭരണത്തില്‍ കുത്തനെ ചുരുങ്ങുകയാണ്. ആദ്യ ഭരണകാലത്ത് തന്നെ ട്രംപ് ഈ പദ്ധതി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ക്കെതിരെ പീഡനം നടക്കുന്നുവെന്ന ട്രംപിന്റെ അവകാശവാദം വിദഗ്ധരും ദക്ഷിണാഫ്രിക്കന്‍ അധികാരികളും തള്ളിയിരുന്നു.
ഈ നീക്കത്തെ 'അമേരിക്കയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ പാരമ്പര്യത്തിലെ ഇടിവ് ' എന്നാണ് അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിലെ ആരോണ്‍ റൈഷ്‌ലിന്‍ മെല്‍നിക് വിശേഷിപ്പിച്ചത്. 'ഒരു വിഭാഗത്തിനായി മാത്രം പദ്ധതി ചുരുക്കുന്നത് അതിന്റെ ലക്ഷ്യത്തെയും വിശ്വാസ്യതയെയും തകര്‍ക്കുന്നുവെന്ന് ഗ്ലോബല്‍ റിഫ്യൂജ് മേധാവി കൃഷ് ഒ'മാറാ വിഗ്‌നരാജ പറഞ്ഞു. 
അതേസമയം, ആഫ്ഗാനിസ്ഥാന്‍, ഹൈതി, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക സംരക്ഷിത പദവി (TPS)ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള നടപടിയും ട്രംപ് ഭരണകൂടം തുടങ്ങി.
അഭയാര്‍ഥികള്‍ക്ക് മുന്നില്‍ വാതില്‍ അടച്ച് അമേരിക്ക : വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കി പുതിയ ട്രംപ് നയം
 
                                
                        
