കാനഡയുടെ സൈബര്‍ ഭീഷണി പട്ടികയില്‍ ഇന്ത്യ; തങ്ങളെ ആക്രമിക്കാനുള്ള അടുത്ത ശ്രമമെന്ന് ഇന്ത്യ

കാനഡയുടെ സൈബര്‍ ഭീഷണി പട്ടികയില്‍ ഇന്ത്യ; തങ്ങളെ ആക്രമിക്കാനുള്ള അടുത്ത ശ്രമമെന്ന് ഇന്ത്യ


ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ലക്ഷ്യമാക്കി ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതികളുടെ ഭാഗമായി കാനഡ നെറ്റ്‌വര്‍ക്കുകള്‍ക്കെതിരെ സൈബര്‍ ഭീഷണി നടക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപണം. കാനഡയുടെ സൈബര്‍ സുരക്ഷ സംബന്ധിച്ച സാങ്കേതിക അതോറിറ്റിയായ കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി പുറത്തിറക്കിയ നാഷണല്‍ സൈബര്‍ ത്രെറ്റ് അസസ്മെന്റ് 2025-2026 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

എന്നാല്‍ മറ്റ് അവസരങ്ങളിലേതു പോലെ തെളിവുകളില്ലാതെയാണ് കാനഡ ഈ ആരോപണവും ഉന്നയിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ആഗോള അഭിപ്രായം കൃത്രിമമാണെന്ന് കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുറന്ന് സമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ഒക്ടോബര്‍ 30ലെ റിപ്പോര്‍ട്ടില്‍ എതിരാളികളില്‍ നിന്നുള്ള സൈബര്‍ ഭീഷണി എന്ന വിഭാഗവും ചൈനയെ ഏറ്റവും സമഗ്രമായ സൈബര്‍ സുരക്ഷാ ഭീഷണിയായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിറകില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പട്ടികയില്‍ ഇന്ത്യ ആദ്യമായാണ് ഇടം പിടിക്കുന്നത്. 

കാനഡ ഇന്ത്യയെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ കനേഡിയന്‍ തന്ത്രത്തിന്റെ മറ്റൊരു ഉദാഹരണമായി ജയ്‌സ്വാള്‍ വിലയിരുത്തുന്നു. 

കാനഡയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയ്‌ക്കെതിരായ ആഗോള അഭിപ്രായം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും ജയ്‌സ്വാള്‍ പറഞ്ഞു. തെളിവുകളില്ലാതെയാണ് കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയെ സൈബര്‍ സുരക്ഷയ്ക്ക് അപകടമെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന കാര്യം ആദ്യം നിരസിച്ച കാനഡ പിന്നീട് അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് പറയുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. 

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് കാനഡ രണ്ട് വര്‍ഷം മുമ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. 

ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ 'സാധ്യത' പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ 'അസംബന്ധം' എന്നുപറഞ്ഞ് ന്യൂഡല്‍ഹി തള്ളുകയായിരുന്നു. 

കനേഡിയന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്ക് കാനഡ ഇടം നല്‍കുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്നമെന്ന് ഇന്ത്യ വാദിക്കുന്നു.

ഒട്ടാവയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞതിന് ശേഷം ഇന്ത്യ കാനഡയുടെ ആറ് നയതന്ത്രജ്ഞരെ പുറത്താക്കുകയും ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയെയും കാനഡയില്‍ നിന്നുള്ള മറ്റ് 'ലക്ഷ്യമാക്കപ്പെട്ട' ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തു.

കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് കാനഡയുടെ (സി എസ് ഇ) ഭാഗമായ കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി (സൈബര്‍ സെന്റര്‍) കാനഡക്കാര്‍ക്കും കാനഡയിലെ സംഘടനകള്‍ക്കുമുള്ള സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള വിദഗ്ധ ഉപദേശം, മാര്‍ഗനിര്‍ദേശം, സേവനങ്ങള്‍, പിന്തുണ എന്നിവ നല്‍കുന്ന ഏകീകൃത ഉറവിടമാണ്.

ആഭ്യന്തര സൈബര്‍ സാധ്യതകളുള്ള ആധുനിക സൈബര്‍ പ്രോഗ്രാം നിര്‍മ്മിക്കാനാണ് ഇന്ത്യയുടെ നേതൃത്വം ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.