യുഎസ് പൗരാവകാശ റിപ്പോർട്ട്: വിയോജിച്ച് ഇന്ത്യ

യുഎസ് പൗരാവകാശ റിപ്പോർട്ട്: വിയോജിച്ച് ഇന്ത്യ


ഇന്ത്യയിൽ പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുകയാണെന്നും മാധ്യമങ്ങളും ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരും അടിച്ചമർത്തലിന് വിധേയരാവുകയാണെന്നും പറയുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനോട് ശക്തമായി വിയോജിച്ച് ഇന്ത്യ.

"ഈ റിപ്പോർട്ട് തീർത്തും പക്ഷപാതപരവും ഇന്ത്യയെക്കുറിച്ചുള്ള അറിവില്ലായ്മ പ്രതിഫലിപ്പിക്കുന്നതുമാണ്. ഞങ്ങൾ അതിന് ഒരു വിലയും കൽപ്പിക്കുന്നില്ല. നിങ്ങളും അങ്ങനെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു," ഏപ്രിൽ 25 വ്യാഴാഴ്ച്ച വിദേശമന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

മണിപ്പൂരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്നും ഇന്ത്യയിൽ പലയിടത്തും മതന്യൂനപക്ഷങ്ങൾ ആക്രമണങ്ങൾ നേരിടുകയാണെന്നും മാധ്യമ പ്രവർത്തകരും ഭരണകൂടത്തിൻറെ വിമർശകരും അടിച്ചമർത്തൽ നേരിടുകയാണെന്നുമാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്തണി ബ്ലിങ്കൻ കഴിഞ്ഞയാഴ്ച പ്രകാശനം ചെയ്ത റിപ്പോർട്ട് പറഞ്ഞിരുന്നത്.