ഇന്ത്യ-ആസിയാന്‍: സാമ്പത്തിക കൂട്ടുകെട്ടിനപ്പുറം സാംസ്‌കാരിക സഹയാത്രികരെന്നും മോഡി

ഇന്ത്യ-ആസിയാന്‍: സാമ്പത്തിക കൂട്ടുകെട്ടിനപ്പുറം സാംസ്‌കാരിക സഹയാത്രികരെന്നും മോഡി


ന്യൂഡല്‍ഹി:  ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും (ASEAN) തമ്മിലുള്ള ബന്ധം വെറും സാമ്പത്തിക കൂട്ടുകെട്ടല്ല, അതിനേക്കാള്‍ ആഴമുള്ള സാംസ്‌കാരിക സഹയാത്രയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. മലേഷ്യയില്‍ നടന്ന ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയില്‍ വീഡിയോ മുഖേന പ്രസംഗിക്കുകയായിരുന്നു മോഡി.

'21ാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാന്റെയും നൂറ്റാണ്ടാണ്. ഭൂപ്രദേശത്താലും ചരിത്രബന്ധങ്ങളാലും മൂല്യങ്ങളാലും നാം ഒരുമിച്ച് ബന്ധിതരാണെന്ന് മോഡി പറഞ്ഞു. ആസിയാന്‍ ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി (Act East Policy) യുടെ പ്രധാന പാരമ്പര്യസ്തംഭമാണെന്നും, ഇന്‍ഡോ-പസഫിക് മേഖല ഉള്‍ക്കൊള്ളുന്ന, നിലനില്‍ക്കുന്ന വികസനത്തിന് അനിവാര്യ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തിന്റെ തീം ആയ ഉള്‍ക്കൊള്ളലും നിലനില്‍പ്പും (Inclusivtiy & Sustainabiltiy) ഇന്ത്യ-ആസിയാന്‍ മുന്‍ഗണനകളെ പ്രതിഫലിപ്പിക്കുന്നതാണെന്നും, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍, ഉറച്ച വിതരണശൃംഖലകള്‍, ഭക്ഷ്യസുരക്ഷ, ഹരിതോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും മോഡി വ്യക്തമാക്കി.

2026നെ 'ഇന്ത്യ-ആസിയാന്‍ സമുദ്രസഹകരണ വര്‍ഷം' ആയി ആഘോഷിക്കുമെന്നും, സമുദ്രസുരക്ഷ, ബ്ലു ഇക്കണോമിക്, സമുദ്രഭരണ സംവിധാനം എന്നിവയില്‍ കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വിദ്യാഭ്യാസം, ടൂറിസം, സാങ്കേതികവിദ്യ, ആരോഗ്യം, ഹരിതോര്‍ജ്ജം, സൈബര്‍സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വിപുലമാകുന്നതായി മോഡി പറഞ്ഞു. കൂടാതെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഏകദേശം 680 മില്യണ്‍ ജനസംഖ്യയുള്ള പത്ത് അംഗ രാജ്യങ്ങളടങ്ങുന്ന ആസിയാന്‍, 3.9 ട്രില്യണ്‍ യുഎസ് ഡോളര്‍ സംയുക്ത ജിഡിപിയോടെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ടിമോര്‍-ലെസ്‌റ്റെ (Timor-Leste) പുതിയ 11-ാമത്തെ അംഗമായി ചേര്‍ന്നു.

ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയില്‍, ഇരുരാജ്യങ്ങളും ചേര്‍ന്ന് സ്ഥിരതയാര്‍ന്ന ടൂറിസം സംബന്ധിച്ച സംയുക്ത പ്രസ്താവനയും അംഗീകരിച്ചു. പരിസ്ഥിതി സംരക്ഷണവും ഉത്തരവാദിത്വമുള്ള ടൂറിസവുമാണ് അതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍.