വാന്‍കൂവറിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയുടെ നിരീക്ഷണത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം

വാന്‍കൂവറിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയുടെ നിരീക്ഷണത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരെ  കാനഡ 'ഓഡിയോ, വീഡിയോ നിരീക്ഷണത്തിന് വിധേയരാക്കി കൊണ്ടിരിക്കുകയാണെന്നും അവരുടെ 'വ്യക്തിപരമായ ആശയവിനിമയങ്ങള്‍' തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് കനേഡിയന്‍ അധികാരികള്‍ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
 
രാജ്യങ്ങള്‍ക്കിടയിലെ സുസ്ഥിരമായ ഉഭയകക്ഷി ബന്ധത്തിന് പരസ്പരമുള്ള ആശങ്കകള്‍, പ്രാദേശിക സമഗ്രത, പരമാധികാരം എന്നിവയെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്ന് രാജ്യസഭയ്ക്ക് എഴുതിയ കത്തില്‍ പ്രതികരിച്ചുകൊണ്ട് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ സൈബര്‍ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള നിരീക്ഷണങ്ങള്‍ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് 'അതെ' എന്ന് സ്ഥിരീകരിച്ച് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
 
 'അടുത്തിടെ, വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ ഉദ്യോഗസ്ഥരെ അവരുടെ തുടര്‍ച്ചയായ നിരീക്ഷണത്തെക്കുറിച്ചും സ്വകാര്യ ആശയവിനിമയങ്ങള്‍ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ചും കനേഡിയന്‍ അധികാരികള്‍ അറിയിച്ചുവെന്ന് കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു.

ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി
 
കാനഡയുടെ നിരീക്ഷണ നടപടികള്‍ക്ക് മറുപടിയായി, ഇന്ത്യന്‍ സര്‍ക്കാര്‍ 2024 നവംബര്‍ 2-ലെ 'നോട്ട് വെര്‍ബല്‍' വഴി ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനെ ഔപചാരിക പ്രതിഷേധം അറിയിച്ചെന്ന് മന്ത്രി അറിയിച്ചു. നിരീക്ഷണത്തെ 'എല്ലാ നയതന്ത്ര വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനം' എന്നാണ് സിംഗ് വിശേഷിപ്പിച്ചത്.
 
കനേഡിയന്‍ നടപടിക്കെതിരെ അടുത്തിടെ നടന്ന ഒരു മാധ്യമസമ്മേളനത്തിനിടെ വിദേശകാര്യ മന്ത്രാലയ വക്താവ് (എംഇഎ) നടത്തിയ പ്രസ്താവനയെക്കുറിച്ചും സിംഗ് പരാമര്‍ശിച്ചു.

തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ നയതന്ത്ര, കോണ്‍സുലര്‍ ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കനേഡിയന്‍ സര്‍ക്കാരിന് ന്യായീകരിക്കാന്‍ കഴിയില്ല. ഈ നടപടി സ്ഥിതിഗതികള്‍ വഷളാക്കുകയും സ്ഥാപിത നയതന്ത്ര മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും ലംഘിക്കുകയും ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.
 
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സ്വത്തുക്കള്‍ക്കും മതിയായ സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കനേഡിയന്‍ അധികാരികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായ സിംഗ് പറഞ്ഞു.
 
ഒക്ടോബര്‍ 30 ന് പുറത്തിറക്കിയ 2025-2026 ദേശീയ സൈബര്‍ ഭീഷണി അവലോകനത്തിന്റെ (എന്‍. സി. ടി. എ) ഭാഗമായ കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രി എടുത്തുപറഞ്ഞു. റിപ്പോര്‍ട്ട് ഇന്ത്യയെ 'സെക്ഷന്‍ 1-സ്റ്റേറ്റ് എതിരാളികളില്‍ നിന്നുള്ള സൈബര്‍ ഭീഷണി' യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
തെളിവുകളില്ലാതെ ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കാനഡയുടെ 'നിഷേധാത്മക' നിലപാടിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് വിദേശ കാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.