ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2025 പ്രകാരം ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ ആഗോള റാങ്കിംഗില്‍ ഇന്ത്യ 77-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണിത്.
കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ 80ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ബുര്‍ക്കിന ഫാസോ, കോട്ട് ഡി ഐവയര്‍, സെനഗല്‍ എന്നീ മൂന്ന് രാജ്യങ്ങളും ഇന്ത്യക്കൊപ്പമുണ്ട്. ഇതോടെ ഇനിമുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും.
ആഫ്രിക്കയിലെ 19 രാജ്യങ്ങളിലേക്കും, ഏഷ്യയിലെ 18 രാജ്യങ്ങളിലേക്കും, വടക്കേ അമേരിക്ക- മധ്യ അമേരിക്ക-കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ 10 രാജ്യങ്ങളിലേക്കും, ഓഷ്യാനിയ മേഖലയിലെ 10 രാജ്യങ്ങളിലേക്കും, ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യത്തേക്കും ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
194 രാജ്യങ്ങള്‍ക്ക് വിസ രഹിത യാത്ര നല്‍കുന്ന സിംഗപ്പൂര്‍ ഈ വര്‍ഷവും പട്ടികയില്‍ ഒന്നാമതെത്തി. മുന്‍കൂര്‍ വിസയില്ലാതെ എത്തിച്ചേരാവുന്ന സ്ഥലങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ലോകത്തിലെ എല്ലാ പാസ്‌പോര്‍ട്ടുകളുടെയും യഥാര്‍ത്ഥവും ആധികാരികവുമായ റാങ്കിംഗാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്.
ജപ്പാനും ദക്ഷിണ കൊറിയയും 190 സ്ഥലങ്ങളിലേക്ക് യാത്ര അനുവദിച്ചുകൊണ്ട് രണ്ടാം സ്ഥാനക്കാരായി മത്സരരംഗത്ത് തുടരുന്നു. ഇത് പാസ്‌പോര്‍ട്ട് സ്വാധീനത്തില്‍ ഏഷ്യയുടെ പ്രാധാന്യം കൂടുതല്‍ ഉറപ്പിക്കുന്നു. ആഗോള യാത്രാസൗകര്യങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ യുഎഇ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തിനുള്ളില്‍ 34 സ്ഥാനങ്ങള്‍ മുന്നേറി ലോകത്ത് എട്ടാം സ്ഥാനമാണ് നേടിയത്.
അതേസമയം, ചൈനയും കാര്യമായ പുരോഗതി കൈവരിച്ചു. 2015ന് ശേഷം 94ാം സ്ഥാനത്തുനിന്ന് 60ാം സ്ഥാനത്തേക്ക് മുന്നേറി. ഗള്‍ഫിന്റെയും തെക്കേ അമേരിക്കയുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടെ ഒരു ഡസനിലധികം പുതിയ രാജ്യങ്ങളിലേക്ക് വിസ രഹിത സൗകര്യം വ്യാപിപ്പിച്ചതാണ് ഇതിനുകാരണം.
മറ്റ് രാജ്യങ്ങള്‍
ഏഷ്യന്‍ രാജ്യങ്ങള്‍ മുന്നേറ്റം തുടരുമ്പോള്‍, യൂറോപ്യന്‍ രാജ്യങ്ങളും ശക്തമായി നിലകൊള്ളുന്നു. 189 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്താണ്. ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നിവയാണവ.
ഓസ്ട്രിയ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ലോക പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ നാലാം സ്ഥാനം ഒരുമിച്ച് കരസ്ഥമാക്കി. അവര്‍ തങ്ങളുടെ പൗരന്മാര്‍ക്ക് 188 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം നല്‍കുന്നുണ്ട്.
പട്ടികയില്‍ ഏറ്റവും താഴെയായി അഫ്ഗാനിസ്ഥാനാണുള്ളത്. അവിടുത്തെ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ 25 രാജ്യങ്ങളിലേക്ക് മാത്രമേ പ്രവേശനമുള്ളൂ. മറുവശത്ത്, യുഎസിന്റെയും യുകെയുടെയും പാസ്‌പോര്‍ട്ട് സ്വാധീനത്തില്‍ ഇടിവ് സംഭവിച്ചു. ഇപ്പോള്‍ യഥാക്രമം പത്താം സ്ഥാനത്തും ആറാം സ്ഥാനത്തുമാണ് ഇവര്‍. മുന്‍പ് ആഗോള യാത്രാ സൗകര്യങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ ശക്തികളെ, യാത്രാസ്വാതന്ത്ര്യം വര്‍ധിപ്പിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തം രൂപീകരിക്കുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ മറികടന്നിരിക്കുന്നു.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ മൂല്യം ആഗോള റാങ്കിങ്ങില്‍ ഉയര്‍ന്നു; 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം
