ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താന് സൈനികതലത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോൾ, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ തന്ത്രവും വ്യാപ്തിയും എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങൾക്ക് നൽകിയതോടെ രാജ്യം യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലാണ്.
ദേശീയ സുരക്ഷാ കാര്യങ്ങളിൽ നിർണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ബുധനാഴ്ച(ഇന്ന്) രാവിലെ സ്ഥിതിഗതികൾ വിലയിരുത്തും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി സൈന്യത്തിന് അനുവാദം നൽകിയത്. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കണമെന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതായി അറിയുന്നു.
കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, ആഭ്യന്തരമന്ത്രി അമിത് ഷായും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അധ്യക്ഷതയിൽ ബി.എസ്.എഫ്, എസ്.എസ്.ബി, അസം റൈഫിൾസ്, ദേശീയ സുരക്ഷാ ഗാർഡ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് എന്നിവയുടെ മേധാവികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത നിർണായക യോഗവും നടന്നു.
ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക. സുരക്ഷാ സമിതി യോഗത്തിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിൽ രാഷ്ട്രീയകാര്യ മന്ത്രിതല സമിതിയും യോഗം ചേരും.
പാക്കിസ്താനെതിരെ സൈനിക നീക്കത്തിന് അനുമതി നൽകി പ്രധാനമന്ത്രി; ഇന്ന് സുപ്രധാന യോഗങ്ങൾ
