വാഷിംഗ്ടൺ: ലോകത്തെ അമ്പരപ്പിക്കുകയും ആശങ്കയിലാഴ്ത്തുകയും ചെയ്ത വിവാദ തീരുമാനങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയിട്ട് 100 ദിവസം പിന്നിട്ടിരിക്കുകയാണ്. അമേരിക്കൻ വിദേശനയങ്ങളുടെ പൊളിച്ചെഴുത്താണ് ട്രംപിന്റെ രണ്ടാമൂഴത്തിൽ ലോകം കണ്ടത്. പലതും വിവാദമാവുകയും കോടതി കയറുകയും ചെയ്തു.
നൂറുദിവസത്തിൽ 140 എക്‌സിക്യൂട്ടിവ് ഉത്തരവുകളാണ് ട്രംപ് പുറപ്പെടുവിച്ചത്. അതിൽ 36 എണ്ണം ആദ്യ ആഴ്ചയിൽതന്നെയാണ് ഒപ്പിട്ടത്. ജനുവരി 20നാണ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റത്. ആദ്യദിവസങ്ങളിൽതന്നെ മെക്‌സിക്കൻ അതിർത്തിയിൽ 2,500 ദേശീയ ഗാർഡ് അംഗങ്ങൾക്കൊപ്പം 1,500 സൈനികരെക്കൂടി വിന്യസിച്ചു. ഗ്രീൻലാൻഡും പനാമ കനാലും പിടിച്ചെടുക്കുമെന്നും കാനഡക്ക് അമേരിക്കയുടെ 51 ാം സംസ്ഥാനമാകാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സഖ്യരാജ്യങ്ങൾക്കുൾപ്പെടെ പകരച്ചുങ്കം ഏർപ്പെടുത്തി വ്യാപാരയുദ്ധത്തിനും ട്രംപ് തുറക്കമിട്ടു. ചൈനക്ക് 145 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയത്. അനധികൃത കുടയേറ്റക്കാർക്കെതിരായ നടപടികളും ശക്തമാക്കി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ സൈനിക വിമാനത്തിൽ ചങ്ങലക്കിട്ട് നാടുകടത്തി. അമേരിക്കയിൽ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഭരണഘടന ലംഘനമെന്ന് വിശേഷിപ്പിച്ച് യു.എസ് കോടതി ഉത്തരവ് സ്റ്റേ ചെയ്തിരിക്കുകയാണ്.
പാലസ്തീനികളെ ഒഴിപ്പിച്ച് ഗാസ പിടിച്ചെടുത്ത് സുഖവാസകേന്ദ്രമാക്കുമെന്ന പ്രഖ്യാപനം ലോകവ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. പാലസ്തീൻ അനുകൂല പ്രകടനങ്ങൾ അമേരിക്കൻ മൂല്യങ്ങൾക്ക് എതിരാണെന്ന് മുദ്രകുത്തി. ഇതിൽ പങ്കെടുക്കുന്നവരുടെ വിസ റദ്ദാക്കാനും നാടുകടത്താനുമുള്ള ഉത്തരവും പുറത്തിറങ്ങി. അതേസമയം യു.എസ് ക്യാപിറ്റൽ ആക്രമണത്തിൽ പങ്കെടുത്തവർക്ക് മാപ്പ് നൽകുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറുകയും സഹായം നിർത്തുകയും ചെയ്തു. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റിലും ട്രംപ് കൈവെച്ചു. നാസക്കുള്ള സഹായം വെട്ടിക്കുറക്കുകയും ചെയ്തു. ട്രാൻസ് ജെൻഡറുകൾക്കെതിരെയും നടപടികളുണ്ടായി. ഇനി സ്ത്രീ, പുരുഷൻ എന്നീ രണ്ടുതരം ആളുകൾ മാത്രമേ രാജ്യത്ത് ഉണ്ടാവൂ എന്നായിരുന്നു ഉത്തരവ്. ഇതോടെ ട്രാൻസ് വ്യക്തിത്വവുമായി ജീവിക്കുന്നവർ രേഖകളിൽ ഈ മാറ്റംവരുത്താൻ നിർബന്ധിതരായി. നൽകിയ വാഗ്ദാനങ്ങളാണ് നടപ്പാക്കുന്നതെന്നാണ് ട്രംപിന്റെ വാദം. നൂറാം ദിന ആഘോഷത്തിന്റെ ഭാഗമായി മിഷിഗനിൽ റാലിയും സംഘടിപ്പിച്ചിരുന്നു.
ട്രംപിസത്തിന്റെ നൂറുദിനങ്ങൾ ; വിവാദമായ 140 എക്‌സിക്യൂട്ടിവ് ഉത്തരവുകൾ
